കോട്ടയം: ദിവസേന 100 രൂപയിൽ താഴെ മാത്രമാണ് ഓട്ടോറിക്ഷ ഓടിച്ചു ലഭിക്കുന്നതെന്ന് കോട്ടയം ബേക്കർ ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളി കലാധരൻ. ലോക്ക് ഡൗണിൽ ഇളവുകൾ നല്കി ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താൻ അനുമതി ലഭിച്ചത് ഏതാനും ദിവസം മുന്‍പാണ്.
ഇതിനുശേഷം നിത്യച്ചെലവിനുള്ള പണം പോലും ഓട്ടോറിക്ഷ ഓടിച്ചിട്ടിട്ടു ലഭിക്കുന്നില്ല. രാവിലെ മുതൽ സ്റ്റാൻഡിലെത്തി മണിക്കൂറുകൾ കാത്തുകിടന്നശേഷമാണ് ഒരു ഓട്ടം ലഭിക്കുന്നത്. അതു ചെറിയ ദൂരത്തിലേക്കുള്ള ഓട്ടമായിരിക്കും.
തന്നെയുമല്ല, ഉച്ചഭക്ഷണം ഉൾപ്പെടെയുള്ളവ ഓട്ടോറിക്ഷ തൊഴിലാളികൾ വീട്ടിൽ നിന്നു കൊണ്ടുവരികയാണ്. ലോക്ക് ഡൗണ്‍ കാലത്ത് വരുമാനമില്ലാതെ വീട്ടിലിരിക്കുന്ന കാര്യമോർക്കുന്നതിനാലാണ്് ഓട്ടം ലഭിക്കുന്നില്ലെങ്കിലും സ്റ്റാൻഡിലെത്തുന്നതിനു കാരണമെന്നും കലാധരൻ പറയുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടോ തൊഴിലാളികൾ സ്റ്റാൻഡിൽ കിടന്നിട്ടും രാവിലെ അടിച്ച പെട്രോളിന്റെ കാശു പോലും കിട്ടാറില്ല. ബസ് സർവീസുകൾ സജീവമായെങ്കിൽ മാത്രമേ ഓട്ടം ലഭിക്കുകയുള്ളുവെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഇളവുകൾ ലഭിച്ചെങ്കിലും ജനം പുറത്തിറങ്ങാൻ മടിക്കുയാണ്. ഇറങ്ങുന്നവരാകട്ടെ സ്വകാര്യവാഹനത്തിലാണ് സഞ്ചാരം. രണ്ടു യാത്രക്കാരെ മാത്രമേ കയറ്റാവു എന്ന നിയമവും ഓട്ടോറിക്ഷക്കാർക്ക് വിനയാകുന്നു. കുടുംബവുമായി എത്തുന്നവർ രണ്ടു വണ്ടി പിടിക്കേണ്ട അവസ്ഥയാണ്.
ഇതുമൂലം പലരും ഓട്ടോറിക്ഷയിൽ കയറാൻ മടിക്കുന്നു. ആളുകൾ കൂടിയാൽ മോട്ടോർ വാഹനവകുപ്പും പോലീസും പിഴ ഈടാക്കും. ലോക്ഡൗണിൽു പല ഓട്ടോറിക്ഷകളുടെയും ടെസ്റ്റ് ഉൾപ്പെടെയുള്ളവ മുടങ്ങി.
ടെസ്റ്റ് പൂർത്തിയാക്കാൻ ജൂണ്‍ 30 വരെ സമയം നൽകിയിട്ടുണ്ടെങ്കിലും പലർക്കും അതിനുള്ള പണമില്ല. സമയം നീട്ടിനൽകണമെന്നാണു തൊഴിലാളികളുടെ ആവശ്യം. രണ്ടു മാസം ഓടാതെ കിടന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും കടം വാങ്ങേണ്ടുന്ന സാഹചര്യവുമുണ്ട്. ലോക്ഡൗണ്‍ ദിവസവരുമാനക്കാരെയാണ് ദുരിതത്തിലാക്കിയത്.