ചാവശേരി: തലശേരി – വളവുപാറ അന്തര്‍ സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ചാവശേരി ടൗണിലുണ്ടായ ബസ്കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കിയെങ്കിലും പുതിയത് സ്ഥാപിക്കാത്ത കെഎസ്ടിപിയുടെ നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. നേരത്തെ ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടായ സ്ഥലത്തിനോട് ചേർന്നു മുളയും ടാർപോളീൻ ഷീറ്റും ഉപയോഗിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ ബസ് ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലധികം യാത്രക്കാര്‍ ആശ്രയിക്കുന്ന ഷെൽട്ടറായിരുന്നു പൊളിച്ചു നീക്കിയത്. മട്ടന്നൂർ ഭാഗത്തേക്ക് ഷെൽട്ടർ നിർമിച്ചിരുന്നുവെങ്കിലും ഇരിട്ടി ഭാഗത്തേക്കുള്ള സ്റ്റോപ്പിൽ ഷെൽട്ടർ നിർമിക്കാൻ അധികൃതർ തയാറായില്ല. ഷെൽട്ടർ നിർമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിർമാണ സാമഗ്രികൾ ഇറക്കിയിരുന്നു.
ഷെൽട്ടർ നിർമാണത്തിനെതിരെ സ്വകാര്യ വ്യക്തി പരാതിയുമായി രംഗത്ത് വന്നതോടെ ഷെൽട്ടർ നിർമാണത്തിൽ നിന്ന് കെഎസ്ടിപി അധികൃതർ പിൻമാറുകയായിരുന്നു. ഇതിനു പിന്നാലെ ഇറക്കി വച്ച നിർമാണ സാമഗ്രികളും സ്ഥലത്ത് നിന്നും മാറ്റി.അന്തര്‍ സംസ്ഥാന പാതയില്‍ 50തോളം പുതിയ ഷെൽട്ടറുകളാണ് കെഎസ്ടിപി സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം ഭൂരിഭാഗവും പൂര്‍ത്തിയായി.
ആവശ്യമില്ലാത സ്ഥലങ്ങളില്‍ പോലും അരലക്ഷത്തോളം രൂപ ചിലവിട്ട് ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കെഎസ്ടിപിയില് നിന്നും അനുകൂല നടപടിയുണ്ടായില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലധികം യാത്രക്കാരും കടവരാന്തയിലും മറ്റുമാണ് നില്‍ക്കുന്നത്. അന്തര്‍ സംസ്ഥാന പാതയിലെ പ്രധാന ചെറു നഗരങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് സ്ഥാപിച്ച് മോടികൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.