കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും എതാണ്ട് പൂര്‍ത്തിയായതോടെ പലേടത്തും പ്രതിഷേധം കത്തുന്നു.
പാര്‍ട്ടി തീരുമാനിച്ചാല്‍ അതു തീരുമാനിച്ചതാണെന്ന ആപ്തവാക്യം പോലും കേള്‍ക്കാന്‍ കൂട്ടാക്കാതെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും മുന്‍പേ പ്രവര്‍ത്തകരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ് സിപിഎമ്മും കോണ്‍ഗ്രസും.
കോണ്‍ഗ്രസില്‍ ഇതു പതിവാണെങ്കിലും ഇത്തവണ ആദ്യം കലുഷിതമായത് സിപിഎമ്മാണ് .
കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടിയിലും എലത്തൂരും വ്യാപക പ്രതിഷേധമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ വന്നിരിക്കുന്നത്.
എലത്തൂരില്‍ ഘടകകക്ഷിയായ എന്‍സിപിയിലെ വടം വലിയാണ് സിപിഎമ്മിനും ഇടതുമുന്നണിക്കും തലവേദനയായതെങ്കില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കിയതാണ് പ്രവര്‍ത്തകരുടെ അമര്‍ഷത്തിന് വഴിവച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ജില്ലാഘടകം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രാദേശിക ഘടകത്തിലെ പ്രതിഷേധം അവഗണിച്ച് സംസ്ഥാന നേതൃത്വം പി.നന്ദകുമാറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനെ പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും തലവേദനയായി.
സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പൊന്നാനിയില്‍ പാര്‍ട്ടി പതാകയുമായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
പരസ്യ പ്രകടനം
കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ പൊന്നാനിക്കു വേണ്ടെന്ന മുദ്രാവാക്യങ്ങളുമായാണ് സിപിഎം പ്രവര്‍ത്തകര്‍ പൊന്നാനി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇത് സിപിഎം ചരിത്രത്തില്‍ തന്നെ അസാധാരണമാണ്.
പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശികമായി എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും ശക്തമായൊരു പ്രതിഷേധമുണ്ടായത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇടതുജനാധിപത്യ മുന്നണിയുടെ പരസ്യപ്രചാരണത്തിന് തുടക്കമിട്ടു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചായത്തിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ അതേ സമയത്താണ് പൊന്നാനിയില്‍ പ്രതിഷേധം ആരംഭിച്ചതും.
രണ്ട് തവണ മത്സരിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മാറ്റിയാണ് സിപിഎം പി.നന്ദകുമാറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.
എന്നാല്‍, സിപിഎം പൊന്നാനി ഏരിയ സെക്രട്ടറി ടി.എം.സിദ്ദീഖിനെ ഇവിടെ മത്സരിപ്പിക്കണം എന്നായിരുന്നു കീഴ്ഘടകങ്ങളുടെ ആവശ്യം.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ ആദ്യം ഏരിയ കമ്മിറ്റിയിലും പിന്നീട് ജില്ലാ കമ്മിറ്റിയിലും ടി.എം.സിദ്ദീഖിന്റെ പേരാണ് പ്രാദേശിക നേതാക്കള്‍ ഉയര്‍ന്നു കേട്ടത്.
എന്നാല്‍, സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയപ്പോള്‍ സിഐടിയു ദേശീയ ഭാരവാഹി പി.നന്ദകുമാര്‍ പൊന്നാനിയില്‍ മത്സരിക്കട്ടേയെന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വം എടുത്തത്.
പ്രശ്നക്കാർ സാധ്യതാ പട്ടികയിൽ
അതേസമയം കോണ്‍ഗ്രസില്‍ തല്ക്കാലം എല്ലാവരെയും സുഖിപ്പിച്ചുകൊണ്ട് ഓരോ മണ്ഡലത്തിലും അഞ്ചുപേരുടെ സ്ഥാനാര്‍ഥി പട്ടികയുമായാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയിലേക്ക് വണ്ടികയറിയത്.
അവസാനനിമിഷം വരെ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷ ഈ അഞ്ചുപേര്‍ക്കും ഉണ്ട്. അവസാനനിമിഷ മുണ്ടാകുന്ന പൊട്ടിത്തെറിയെ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം.
എങ്ങനെയെങ്കിലും സാധ്യതാപട്ടികയില്‍ കടന്നുകൂടിയാലും തലയുയര്‍ത്തി നാട്ടില്‍ നടക്കാമെന്ന് ചിന്തിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.
വിമതസ്വരമുയര്‍ത്തിയ ഗോപിനാഥിനെ പാലക്കാട് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും നേതാക്കളുടെ ഈ ബുദ്ധിയാണ്.
സ്ഥാനാര്‍ഥി ആരെന്ന് അറിയുമ്പോള്‍ എല്ലാം ഹൈക്കമാന്‍ഡിന്റെ തലയില്‍ കെട്ടിവയ്ക്കുക മാത്രമേ രക്ഷയുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി അച്ചുതണ്ടിന്റെ നിലപാട്. ഷാഫിയെ പട്ടാന്പിയിലേക്കു മാറ്റി ഗോപിനാഥിനെ മത്സരിപ്പിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.