കൊച്ചി: നഗരത്തില്‍ വിവിധ ബിസിനസ് നടത്തുന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ യുവാക്കളെ കബളിപ്പിച്ച് ഒന്നരക്കോടിയിലിധകം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ മഹാരാഷ്ട്രയിലെ ബാന്ദ്രയിൽനിന്നു പോലീസ് പിടികൂടി.
മഹാരാഷ്ട്ര രത്നഗിരി സ്വദേശി സമര് ഇസ്മയില്‍ സാഹ(45)യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഡാനിഷ് അലി എന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു കോടി 57 ലക്ഷം രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
വ്യാജ പേരില്‍ ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെ പ്രതി നിര്‍മിച്ചിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയിലെത്തിയ പ്രതി കലൂര്‍-കതൃക്കടവ് റോഡില്‍ വാപി കഫേ എന്ന പേരില്‍ ഒരു ചെറിയ റസ്റ്ററന്റ് ആരംഭിച്ചു.
ഉത്തരേന്ത്യന്‍ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലേക്ക് നഗരത്തില്‍ ബിസിനസ് നടത്തുന്ന ഒട്ടേറെ സമ്പന്നരായ ഉത്തരേന്ത്യന്‍ യുവാക്കള്‍ എത്തിയിരുന്നു.
ഇവരോട് തനിക്ക് മരട് നെട്ടൂര്‍ മാര്‍ക്കറ്റില്‍നിന്നു പഴം, പച്ചക്കറി എന്നിവയുടെ വന്‍തോതിലുള്ള കയറ്റുമതി-ഇറക്കുമതി ബിസിനസ് ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
വിദേശത്തുനിന്ന് വലിയ ഓര്‍ഡര്‍ വന്നിട്ടുണ്ടെന്നും ഇതിലേക്കായി കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നും പറഞ്ഞ് യുവാക്കളില്‍നിന്ന് ആദ്യം ചെറിയ തുകകള്‍ വാങ്ങും.
ഇത് പിന്നീട് പലിശ സഹിതം തിരികെ നല്കി അവരുടെ വിശ്വാസം നേടിയെടുക്കും.
പിന്നീട് ഇത്തരത്തിൽ വലിയ തുകകള്‍ അവരിൽനിന്നു തട്ടിയെടുക്കുകയായിരുന്നു. പണം നല്കിയവര് തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി.
പരാതിപ്പെടുമെന്ന സാഹചര്യമെത്തിയപ്പോള്‍ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങുകയായിരുന്നു.
തട്ടിപ്പിനിരയായ രണ്ടു പേര് നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച നോര്‍ത്ത് പോലീസ് മഹാരാഷ്ട്രയിലെ ബാന്ദ്രയിലുള്ള ഒരു ഫ്ളാറ്റില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ പിടിയിലായശേഷം നാലു പേര്‍കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. കൂടുതല്‍ പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരായ ആറു പേരില്‍ ഒരാള്‍ മലയാളിയാണ്.
കൊച്ചിയില്‍ ഒരു ഫ്ളാറ്റില്‍ വാടകയ്ക്കാണ് ഇയാള്‍ താമസിച്ചിരുന്നത്. ബുധനാഴ്ച അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്.
നോര്‍ത്ത് സിഐ പ്രശാന്ത് ക്ലിന്റ്, എസ്ഐ വിനോജ് എ്ന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
തട്ടിപ്പിലൂടെ നേടിയ പണം ആഡംബര ജീവിതത്തിന്
തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ആഢംബര ജീവിതത്തിനാണ് വിനിയോഗിച്ചിരുന്നത്. വാങ്ങിയ പണത്തിനു തെളിവുകള്‍ ഉണ്ടാകാതിരിക്കാന്‍ പണം നേരിട്ടാണു വാങ്ങിയിരുന്നത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഉത്തരേന്ത്യയിലും മറ്റുമായി ഫ്ളാറ്റുകള്‍ ഉള്‍പ്പെടെ പ്രതി വാങ്ങിയിട്ടുണ്ടെന്നാണ് വിവരമെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യയെന്ന് പറയുന്ന സ്ത്രീയും ഡ്രൈവറും കേസില്‍ കൂട്ടുപ്രതികളാണ്. മഹാരാഷ്ട്ര സ്വദേശികളായ ഇവര്‍ക്കായും പോലീസ് അന്വേഷണം തുടരുകയാണ്.
ഇതിനായി ഒരു പോലീസ് സംഘം നിലവില്‍ ബാന്ദ്രയിലുണ്ട്. അതേസമയം ഇയാളുടെ യഥാര്‍ഥ കുടുംബം മധ്യപ്രദേശിലുണ്ടെന്ന് മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു.