സെബി മാത്യു
ന്യൂഡൽഹി: രാജ്യവ്യാപക എതിർപ്പുകൾക്കും അതിരൂക്ഷ പ്രതിപക്ഷ പ്രതിഷേധത്തിനും ഇടയിൽ രണ്ടു കാർഷിക പരിഷ്കരണ ബില്ലുകൾ രാജ്യസഭയിൽ പാസായി.
അസാധാരണമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദവോട്ടോടെയാണ് കരാർ കൃഷി അനുവദിക്കൽ, ഉത്പന്ന വിപണന നിയന്ത്രണ ബില്ലുകൾ രാജ്യസഭയിൽ പാസായത്.
പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭ ഒരുവട്ടം പിരിഞ്ഞു ചേർന്നു. ബിൽ പാസായതിനു ശേഷവും പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽനിന്നു പുറത്തിറങ്ങാൻ കൂട്ടാക്കാതെ അകത്തു ധർണയിരുന്നു പ്രതിഷേധിച്ചു.
ലോക്സഭയിൽ പാസായ മൂന്നു കാർഷിക ബില്ലുകളിൽ രണ്ടെണ്ണമാണ് രാജ്യസഭയിൽ പാസായത്. സർക്കാരിനു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ചട്ടങ്ങൾ അട്ടിമറിച്ചാണു ബില്ലുകൾ പാസാക്കിയതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.
രാജ്യസഭയിൽ ബഹളമുണ്ടാക്കുകയും ഉപാധ്യക്ഷനോടു തട്ടിക്കയറുകയും ചെയ്ത പ്രതിപക്ഷ എംപിമാർക്കെതിരേ കേന്ദ്രസർക്കാർ പ്രമേയം അവതരിപ്പിക്കും.
രാജ്യസഭാധ്യക്ഷനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയശേഷം ഇന്നലെ മോദിയുടെ വസതിയിൽ മുതിർന്ന മന്ത്രിമാർ പ്രമേയം തയാറാക്കിയെന്നാണു വിവരം.
അതേസമയം, രാജ്യസഭയിൽ ചട്ടലംഘനം നടത്തി പക്ഷപാതപരമായി പ്രവർത്തിച്ചെന്നാരോപിച്ച് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ് സിംഗിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകി.
പതിമൂന്ന് രാഷ്ട്രീയ പാർട്ടികൾ ഉപാധ്യക്ഷനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. ഇതു മുന്നിൽക്കണ്ടാണ് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്കെതിരേ കേന്ദ്രസർ ക്കാർ പ്രമേയം തയാറാക്കുന്നത്.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയും സ്പീക്കറുടെ ചേംബറിനു മുന്നിൽ മൈക്ക് പിടിച്ചുവലിച്ചും ബില്ലിന്റെ പകർപ്പുകൾ വലിച്ചുകീറിയെറി ഞ്ഞുമൊക്കെ പ്രതിഷേ ധി ക്കുന്നതിനിടെയാണ് ബില്ലുകൾ പാസാക്കിയത്.
നാലു മണിക്കൂർ നിശ്ചയിച്ചിരുന്ന ചർച്ച ബിൽ പാസാക്കിയെടുക്കുന്നതിനായി ഉപാധ്യക്ഷൻ നീട്ടിക്കൊണ്ടുപോയതും പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.
സഭാചട്ട പുസ്തകവുമായി സ്പീക്കറുടെ ചേംബറിലേക്ക് തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ ഇരച്ചുകയറി റൂൾ ബുക്ക് വലിച്ചു കീറാൻ ശ്രമിച്ചു.
ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടി നൽകുന്നത് ഇന്നത്തേക്കു മാറ്റിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിരുന്നു.
ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണ് അകാലിദൾ ഉൾപ്പെ ടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇതിനൊന്നും വഴങ്ങാതെ ബിൽ പാസാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയായിരുന്നു.