ഭോപ്പാൽ: ബിജെപി എംപി പ്രജ്ഞാസിംഗ് ഠാക്കൂറിനെതിരേ വധഭീഷണിയുമായി കോണ്ഗ്രസ് എംഎൽഎ. പ്രജ്ഞാസിംഗ് മധ്യപ്രദേശിൽ കാലുകുത്തിയാൽ ജീവനോടെ കത്തിക്കുമെന്നായിരുന്നു ബയോറയിൽ നിന്നുള്ള കോണ്ഗ്രസ് എംഎൽഎ ഗോവർധൻ ദംഗിയുടെ ഭീഷണി. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്നു വിളിച്ച സംഭവത്തിലാണ് ദംഗി ഭീഷണി മുഴക്കിയത്.
ഗോഡ്സെയെ പാർലമെൻറിനുള്ളിൽ ദേശഭക്തൻ എന്നു വിശേഷിപ്പിച്ച ഭോപ്പാൽ എംപി പ്രജ്ഞാസിംഗിനെതിരേ ബിജെപി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പ്രതിരോധ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയിൽ നിന്നും പ്രജ്ഞാസിംഗിനെ പുറത്താക്കി.
ശീതകാല സമ്മേളനം കഴിയുന്നതുവരെ ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും പ്രജ്ഞയെ പുറത്തു നിർത്തുമെന്ന് ബിജെപി വർക്കിംഗ് പ്രസിഡൻറ് ജെ.പി. നഡ്ഡ പറഞ്ഞു.മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ പ്രജ്ഞയെ സമിതിയിൽ ഉൾപ്പെടുത്തിയതുതന്നെ രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
മാലേഗാവ് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രജ്ഞയ്ക്കെതിരേ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്തും ഗോഡ്സെ ദേശഭക്തനാണെന്ന് പ്രജ്ഞ പറഞ്ഞിരുന്നു.
ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായി തന്നെ തുടരും എന്നാണു പറഞ്ഞത്. ഇതിനെതിരേ രൂക്ഷവിമർശനം ഉയർന്നപ്പോൾ ബിജെപി പരസ്യമായി താക്കീത് നൽകി.