കെ. ഷിന്റുലാൽ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജിലന്‍സില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. അഴിമതി, കോഴ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി വിവിധ പരാതികളിലായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നിരവധി കേസുകളാണ് വിജിലന്‍സിന് മുന്നിലുള്ളത്.
ഇത്തരം കേസുകളില്‍ വീണ്ടും അന്വേഷണം ആരംഭിക്കാനാണ് വിജിലന്‍സ് തീരുമാനിച്ചത്. കോഴിക്കോട് വിജിലന്‍സില്‍ മാത്രം സുപ്രധാനമായ രണ്ട് കേസുകളിലാണ് അന്വേഷണം നടക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.എം.ഷാജിക്കെതിരേയും ഒളികാമറ വിവാദത്തില്‍ എം.കെ.രാഘവന് എംപിക്കെതിരേയുമാണ് കേസുകള്‍. ഇതിന് പുറമേ യൂത്ത്ലീഗ് നേതാക്കള്‍ക്കെതിരേയുള്ള പരാതിയും വിജിലന്‍സ് മുമ്പാകെയുണ്ട്.
സമാനമായി മലബാറിലുള്‍പ്പെടെ വിവിധ വിജിലന്‍സ് ഓഫീസുകളിലും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും മുന്‍ മന്ത്രിമാര്‍ക്കെതിരേയും കേസുകളുണ്ട്.
ഇതോടെ പ്രതിപക്ഷവും ആശങ്കയിലാണ്. ചില കേസുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്.
അതിനാല്‍ ആ കേസുകളില്‍ അന്വേഷണം ഉടന്‍ തീര്‍ക്കണം. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങളും വിജിലന്‍സിന് സ്വീകരിക്കേണ്ടതായുണ്ട്. ഇത്തരം നടപടി ക്രമങ്ങള്‍ രാഷ്ട്രീയ ആയുധമായി മാറ്റാനും അണിയറയില്‍ ഒരുക്കങ്ങള്‍ സജീവമാണ്.
തദ്ദേശതെരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയില്‍ എംഎല്‍എമാര്‍ക്കെതിരേയും മുന്‍ മന്ത്രിമാര്ക്കെതിരേയുമുള്ള കേസുകള്‍ ഉയര്‍ന്നുവന്നിരുന്നു. രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് പറഞ്ഞായിരുന്നു അന്ന് പ്രതിപക്ഷം ഇതിനെ നേരിട്ടത്.
കെ.എം. ഷാജിക്കെതിരേയുള്ള കേസ് ക്ലൈമാക്സിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും മത്സരിക്കാനൊരുങ്ങുന്ന കെ.എം.ഷാജിക്കെതിരേ അനധികൃത സ്വത്ത്സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട് മാലൂര്‍കുന്നിലെ ആഡംബര വീട് നിര്‍മാണത്തിനുള്ള പണം ലഭിച്ചതും മറ്റുമുള്ള കാര്യങ്ങളാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ അന്വേഷിക്കുന്നത്.
മാര്‍ച്ച് ഒന്‍പതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. അതിനാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണം.
ഈ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയ ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ വീണ്ടും നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും വേണം. ഇതിന് ശേഷമേ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവൂ.
കോടതി നിശ്ചയിച്ച തിയതിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ വിജിലന്‍സിന് തിരിച്ചടിയാവും.
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വ്യക്തമാക്കി അഭിഭാഷകനും സിപിഎം പന്നിയങ്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.ആര്.ഹരീഷാണ് വിജിലന്‍സ് കോടതി മുമ്പാകെ പരാതി നല്‍കിയത്.
ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടിന്റെ മൂല്യം 1,62,60,000 രൂപയാണ്. ഇത്രയും തുക ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുക.
അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലും ഷാജി അന്വേഷണം നേരിടുന്നുണ്ട്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ബാര്‍കോഴ…
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളിലെ നിരവധി പേര് വിജിലന്‍സ് കേസുകളിലുള്പ്പെട്ടിട്ടുണ്ട്.
ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയത്.
ഗവര്‍ണറുടെ അനുമതി ലഭിച്ച് ശേഷം വിജിലന്‍സ് മേധാവിയുടെ നിര്‍ദേശാനുസരണം മാത്രമേ ഈ കേസുകളില്‍ അന്വേഷണം ആരംഭിക്കാനാവുകയുള്ളൂ. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിലും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
ഒളികാമറയിലും ഉത്തരം തേടുന്നു
എം. കെ. രാഘവന് എംപിക്കെതിരേ ഉയര്‍ത്തിയ ഒളികാമറാ വിവാദത്തിലും വിജിലന്‍സാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം എംപിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എം.കെ.രാഘവനെതിരെ ആരോപണമുയര്‍ന്നത്.
തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണു ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ രാഘവനെ കണ്ടത്. ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി നല്‍കാമെന്നും വാഗ്ദാനം നല്കി.
പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിക്കാന് രാഘവന് നിര്‍ദേശിച്ചുവെന്നുമാണ് ചാനലിന്റെ അവകാശവാദം. എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണു ദൃശ്യങ്ങളെന്നാണ് എം.കെ.രാഘവന് പറയുന്നത്.
ദൃശ്യത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാതെ കാര്യമായ അന്വേഷണം നടത്താനാവില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
ചാനല്‍ അധികൃതരില്‍ നിന്ന് നേരത്തെ തന്നെ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളടങ്ങിയ സിഡിയും ശേഖരിച്ചു.
ഇത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. യഥാര്‍ഥ ദൃശ്യങ്ങളാണോ പുറത്തുവിട്ടതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ അറിയാനാവൂ.എന്നാല്‍ ഒരു വര്‍ഷമായിട്ടും ഫോറന്‍സിക് ലാബില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
ഇതിന് പുറമേ ചാനലിന്റെ ചില ജീവനക്കാരില്‍ നിന്ന് കൂടി മൊഴി രേഖപ്പെടുത്താനുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് സംഘത്തിന് സാധിച്ചിട്ടില്ല.
യൂത്ത് ലീഗ് നേതാക്കളും ?
കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ ഫണ്ട് പിരിവിനായി യൂത്ത് ലീഗ് നേതാക്കള്‍ വിദേശയാത്ര നടത്തിയെന്നും പിരിച്ചെടുത്ത ഫണ്ട് തിരിമറി നടത്തിയെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലന്‍സിനും യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം പരാതി നല്‍കിയിട്ടുണ്ട്.
യൂത്ത് ലീഗ് നേതാക്കളായ സി.കെ.സുബൈര്‍, പി.കെ.ഫിറോസ് എന്നിവരെ പ്രതികളാക്കിയാണ് പരാതി സമര്‍പ്പിച്ചത്. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് ഇതുവരേയും തീരുമാനമായിട്ടില്ല. വരും ദിവസങ്ങളില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേയുള്ള അന്വേഷണത്തില്‍ തീരുമാനമാവും.