കൊച്ചി: നവജാതശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരേ കൂടുതൽ അന്വേഷണം നടത്തും. റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരേ മറ്റ് കേസുകൾ നിലവിലുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കാനൊരുങ്ങുന്നത്.
സംഭവത്തിൽ കോതമംഗലം പൈങ്ങോട്ടൂർ കടവൂർ കോനാന്പറത്ത്(ബ്ലാവിൽ) സോമസുന്ദരത്തിന്റെ മകൻ ബിനിൽ സോമസുന്ദരത്തിനെയാണ് എറണാകുളം സെൻട്രൽ പോലീസ് ഇന്നലെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തുനിന്നുമാണു പിടികൂടിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഐപിസി 153എ(മതവിദ്വേഷം ജനിപ്പിക്കൽ) പ്രകാരമാണു കേസ്. ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്കെതിരേ കൂടുതൽ കേസുകൾ ഉള്ളതായ വിവരം ലഭ്യമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ 16നാണ് കാസർഗോഡ് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ സാനിയ-മിത്താഹ് ദന്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി അമൃതയിൽ പ്രവേശിപ്പിച്ചത്. റോഡ് മാർഗം മംഗലാപുരത്തുനിന്നു ആംബുലൻസിൽ 400 കിലോമീറ്റർ അഞ്ചര മണിക്കൂർകൊണ്ടു പിന്നീട്ടാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഇയാളുടെ പോസ്റ്റിനെതിരേ വ്യാപക ആക്ഷേപവും പരാതിയും ഉയർന്നതോടെ മദ്യ ലഹരിയിലാണ് പോസ്റ്റിട്ടതെന്ന് പറഞ്ഞ് ഇയാൾ മാപ്പപേക്ഷയും നടത്തി. വിഷയം ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അതേസമയം, ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. ഹൃദയത്തിന്റെ അറകളിലേക്കു രക്തം പന്പ് ചെയ്യുന്ന വെൻട്രിക്കിളിലുണ്ടാകുന്ന ദ്വാരം ശസ്ത്രക്രിയയിലൂടെ അടച്ചു. വ്യാഴാഴ്ചയാണു മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്.