
ചെറുതോണി: പത്തു വയസുകാരന് സ്ഥിരമായി മദ്യം, മയക്കുമരുന്ന്, ബീഡി, സിഗരറ്റ് എന്നിവ നൽകിയിരുന്ന മധ്യവയസ്കനെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു.
ഗാന്ധിനഗർ കോളനിയിൽ മുകാലപുത്തൻപുരയ്ക്കൽ മണി(62)യെയാണ് ഇടുക്കി സിഐ സിബിച്ചൻ ജോസഫ് അറസ്റ്റുചെയ്തത്. കുട്ടി അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.
ജോലിക്കുപോയ കുട്ടിയുടെ അമ്മ തിരികെ ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി മദ്യലഹരിയിൽ വീടിനുള്ളിൽ വീണു കിടക്കുകയായിരുന്നു.
അമ്മ വിളിച്ച് എഴുന്നേൽപിച്ചപ്പോൾ കാലുകൾ നിലത്തുറയ്ക്കാതെ വീഴുകയായിരുന്നു. കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് മണിയാണ് മദ്യം നൽകിയതെന്നറിഞ്ഞത്.
തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ സ്ഥിരമായി ബീഡിയും സിഗരറ്റും മറ്റു ലഹരി പദാർഥങ്ങളും നൽകാറുണ്ടായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.