കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ പ്രവാസികളുടെ റെസിഡൻസി പുതുക്കൽ മാർച്ച് ഒന്ന് ഞായറാഴ്ച മുതൽ ഓണ്‍ലൈൻ വഴിയാകുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മറാഫി പ്രഖ്യാപിച്ചു.
രാജ്യത്തെ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓണ്‍ലൈൻ സംവിധാനം ഒരുക്കുവാൻ പരിശ്രമിച്ച പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആരോഗ്യ മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ ഫോർ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി സെക്ടറുകളെ മറാഫി പ്രശംസിച്ചു.
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ താമസരേഖ കൈവശമുള്ളവർക്കായി ഇലക്ട്രോണിക് രീതിയിൽ പുതുക്കൽ സേവനം ഉടൻ ആരംഭിക്കുമെന്നും റസിഡൻസി അഫയേഴ്സിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ എല്ലാ മന്ത്രാലയങ്ങളുമായും സർക്കാർ ഏജൻസികളുമായും ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.moi.gov.kw) സന്ദർശിച്ച് ഇ ഫോംസ് എന്ന ബട്ടണിൽ അമർത്തിയാൽ പുതിയ സേവനങ്ങൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ