കൊണ്ടോട്ടി: വേനലവധിക്കാലത്ത് വിദേശത്തെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ എണ്ണം വർധിക്കുന്നതു കണക്കിലെടുത്ത് വിമാനകമ്പനികൾ ഗൾഫിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ബജറ്റ് എയർലൈനുകൾവരെ പൊളളുന്ന നിരക്കാണ് ഈടാക്കുന്നത്. ഏപ്രിൽ ആദ്യവാരത്തിൽ വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.
കരിപ്പൂരിൽനിന്ന് ദുബായ്, ഷാർജ, അബുദാബി മേഖലകളിലേക്ക് 5500 മുതൽ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 20,000 നു മുകളിലെത്തി. ഖത്തർ, ദോഹ, ബഹ്റിൻ, കുവൈത്ത് ഉൾപ്പടെയുളള രാജ്യങ്ങളിലേക്കും നിരക്ക് ഉയർത്തിയുണ്ട്. സൗദിയിലേക്കുളള കണക്ഷൻ വിമാനത്തിൽ ടിക്കറ്റ് കിട്ടണമെങ്കിൽ 30,000 രൂപയ്ക്കു മുകളിൽ നൽകണം.
കരിപ്പൂരിൽ ജംബോ സർവീസുകളില്ലാത്തതിനാൽ ജിദ്ദ, റിയാദ് മേഖലയിലേക്ക് പലരും കണക്ഷൻ സർവീസുകളെയാണ് ആശ്രയിക്കുന്നത്. ഇതു മുൻകൂട്ടി കണ്ട് ഇത്തരം സർവീസുകൾക്കും നിരക്ക് ഉയർത്തിയിട്ടുണ്ട്. വേനലവധിക്ക് ഗൾഫിലേക്ക് കുടുംബത്തോടെ പോകുന്നതിനാൽ കൂട്ടമായി ടിക്കറ്റുകൾ വിറ്റഴിയും. എയർ ഇന്ത്യ, എയർ അറേബ്യ, ഖത്തർ എയർവേസ്, ഇത്തിഹാദ് എയർ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയർത്തിയിട്ടുണ്ട്.
മേയ് അവസാനം റംസാൻ ആരംഭിക്കുകയും ജൂണിൽ കേരളത്തിൽ സ്കൂളുകൾ തുറക്കുകയും ചെയ്യുന്നതിനാൽ നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടും. ഇതിനാൽ മടക്കയാത്രയ്ക്കും വിമാനക്കമ്പനികൾ നിരക്ക് താഴ്ത്താതെ യാത്രക്കാരെ ചൂഷണം ചെയ്യും. നിരക്കു വർധന ഉംറ തീർഥാടകർക്കും തിരിച്ചടിയാകും. നിലവിലുള്ള നിരക്കിനേക്കാൾ 5,000 മുതൽ 10,000 രൂപയുടെ വർധനയുണ്ടാകും. നിരക്ക് ഉയർത്തിയിട്ടും പല സെക്ടറിലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്.