സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശത്തുനിന്നു മടങ്ങിയെത്തുന്നവർ 14 ദിവസവും വീടുകളിൽത്തന്നെ ക൪ശന നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നു സ൪ക്കാർ. വിദേശത്തുനിന്ന് എത്തുന്നവർ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിലും തുടർന്ന് ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിൽ കഴിയുന്നതായിരുന്നു നിലവിലെ രീതി.
സർക്കാർ ക്വാറന്റൈൻ കഴിയുന്നതിനു മുന്‍പു സ്രവം പരിശോധനയ്ക്കും എടുത്തിരുന്നു. ഈ മാർഗരേഖ പുതുക്കിയാണ് 14 ദിവസവും വീട്ടിൽത്തന്നെ കർശന ക്വാറന്റൈൻ മതിയെന്നു നിർദേശിച്ചിരിക്കുന്നത്.
അതേസമയം, വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കു സർക്കാർ സൗകര്യം ഏർപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഇതിനായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. വീടുകളില്‍ സൗകര്യമുണ്ടെന്ന കാര്യം വാര്‍ഡുതല സമിതി ഉറപ്പാക്കും.
വിദേശത്തുനിന്നു കൂടുതല്‍ പേര് എത്തുകയും രോഗികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണു ഹോം ക്വാറന്റൈന് മതിയെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
നെടുമ്പാശേരിയടക്കം സംസ്ഥാനത്തെ മിക്ക വിമാനത്താവളങ്ങളില്‍നിന്നും നിലവില്‍ രോഗലക്ഷണമില്ലാത്ത മിക്കവരെയും വീടുകളിലേക്ക് അയച്ചുതുടങ്ങി.
അതേസമയം, ക്വാറന്റൈന് ലംഘനത്തിനുള്ള കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടി രോഗവ്യാപനത്തിനു വഴി തുറക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. നേരത്തെ പ്രവാസി ക്വാറന്റൈനു പണം ഈടാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
തുടർന്ന് സാന്പത്തികമുള്ളവരിൽനിന്നു മാത്രമേ പണം ഈടാക്കൂയെന്നായി സർക്കാർ നിലപാട്. ഇതിനു ശേഷമാണ് ഇപ്പോൾ ക്വാറന്റൈൻ വീടുകളിലേക്കു മാറ്റുന്നത്. സർക്കാരിന് ഇതുവഴി വലിയ സാന്പത്തിക ബാധ്യത ഒഴിവാക്കാൻ കഴിയും.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ഏറ്റെടുക്കും
തിരുവനന്തപുരം: കോവിഡ് ക്വാറന്റൈൻ കേന്ദ്രങ്ങളായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കാൻ ഉത്തരവ്.
തദ്ദേശ സ്ഥാപനങ്ങളും മറ്റും കണ്ടെത്തിയ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങളായി ഏറ്റെടുക്കാനാണ് 2005ലെ ദുരന്ത പ്രതികരണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഉത്തരവ്.
ജില്ലാ ഭരണകൂടത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും ക്വാറന്റൈൻ കേന്ദ്രങ്ങളായി ഇവ ഏറ്റെടുത്തു പ്രവ൪ത്തിപ്പിക്കാം. ദുരന്ത പ്രതികരണ നിയമത്തിലെ ചട്ടം 22(2എഫ്), 24(എച്ച്) വകുപ്പുകൾ പ്രകാരമാണ് നടപടി. ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യകെട്ടിടങ്ങൾ ദുരന്തഘട്ടത്തിൽ ഏറ്റെടുക്കാൻ നിയമത്തിലെ ഈ വ്യവസ്ഥകൾ പ്രകാരം സർക്കാരിനു കഴിയും.