തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്നു കേരളത്തിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന പ്രവാസികളിൽനിന്നു കറൻസി വിനിമയത്തിന് വൻ തുക സർവീസ് ചാർജായി വാങ്ങി ഏജൻസികൾ പ്രവാസികളെ പിഴിയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇത്തരത്തിലുള്ള നിരവധി കഥകളാണു പുറത്തുവരുന്നത്.
അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു തിരുവനന്തപുരത്തെത്തുന്നവർക്കു വിദേശ കറൻസി ഇന്ത്യൻ രൂപയായി മാറ്റിയെടുക്കാൻ വിമാനത്താവളത്തിനുള്ളിൽ ഒരു ഏജൻസി മാത്രമാണുള്ളതെന്നു യാത്രക്കാർ പരാതിപ്പെടുന്നു. ഈ അവസരം മുതലെടുത്താണ് ഏജൻസി അമിത സർവീസ് ചാർജ് ഈടാക്കുന്നത്.
ദിവസങ്ങൾക്കു മുന്പ് വിദേശത്തുനിന്നു വന്ന പ്രവാസി മലയാളി തന്റെ കൈവശമുണ്ടായിരുന്ന 2000 ഡോളർ തിരുവനന്തപുരം വിമാനത്താവളത്തിലെ കറൻസി എക്സ്ചേഞ്ച് കേന്ദ്രത്തിൽനിന്ന് ഇന്ത്യൻ രൂപയായി മാറ്റിയെടുത്തപ്പോൾ എക്സ്ചേഞ്ച് കണ്വേർഷൻ ചാർജ് എന്ന പേരിൽ വാങ്ങിയത് 10,786 രൂപ.
ഇതേ തുക വിമാനത്താവളത്തിനു തൊട്ടു പുറത്തുള്ള വിദേശ കറൻസി വിനിമയ കേന്ദ്രത്തിൽ മാറാനായി നല്കേണ്ടിവരുന്ന സർവീസ് ചാർജ് 260 രൂപ മാത്രം! മരണാവശ്യത്തിനായി എത്തിയ പ്രവാസിയാകട്ടെ കൂടുതൽ ആലോചിക്കാതെ പണം മാറ്റി വാങ്ങി നാട്ടിലേക്കു തിരിച്ചു. ഇതേസമയം നെടുന്പാശേരിയിൽ രണ്ടായിരം യുഎസ് ഡോളർ മാറ്റിയെടുക്കുന്നതിനു വേണ്ടിവന്നത് ആയിരം രൂപയിൽ താഴെ മാത്രമായിരുന്നുവെന്ന് ഇതേ ആവശ്യത്തിനു വന്ന സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു.
വിമാനത്താവളങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന വിദേശ കറൻസി വിനിമയ കേന്ദ്രങ്ങളിൽ ഈടാക്കുന്ന ഫീസ് നിരക്ക് സംബന്ധിച്ച് കൃത്യമായി നിബന്ധനകളില്ലെന്നാണു മനസിലാക്കുന്നത്. കേരളത്തിലെതന്നെ വിമാനത്താവളങ്ങളായ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഇത്തരത്തിൽ വിദേശ കറൻസി വിനിമയത്തിന് ഈടാക്കുന്നത് വ്യത്യസ്ത നിരക്കാണ്. ഒന്നിലധികം പണമിടപാട് സ്ഥാപനങ്ങൾ നെടുന്പാശേരി വിമാനത്താവളത്തിനുള്ളിൽ പ്രവർത്തിക്കുന്നതിനാൽ ഇവർ തമ്മിൽ മത്സരമുള്ളതുകൊണ്ട് അവിടെ നിരക്ക് കുറഞ്ഞിരിക്കുന്നു.
വിമാനത്താവളത്തിനുള്ളിൽ പുറത്തുള്ളതിന്റെ പതിന്മടങ്ങ് വാടക നല്കിയാണ് തങ്ങളുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അതിനാൽ ഉയർന്ന എക്സ്ചേഞ്ച് ചാർജ് ഈടാക്കിയാൽ മാത്രമേ തങ്ങൾക്കു മുന്നോട്ടു പോകാൻ സാധിക്കൂ എന്നുമുള്ള നിലപാടാണ് ഈ സ്ഥാപനത്തിലെ അധികൃതർക്ക്.
എന്നാൽ, പുറത്തുള്ളതിനേക്കാൾ 50 മടങ്ങുവരെ അധികമായി ഈടാക്കുന്നതു സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടിയുമില്ല. നൂറോ ഇരുന്നോറോ ഡോളർ മാറ്റിയെടുക്കുന്നവർ സാധാരണ സർവീസ് ചാർജ് ശ്രദ്ധിക്കാറില്ല. എന്നാൽ, കൂടുതൽ തുക മാറിയെടുക്കുന്പോഴാണ് ഏജൻസികളുടെ ചൂഷണം വ്യക്തമാകുന്നത്.
വിദേശ കറൻസി വിനിമയത്തിൽ പ്രവാസികളെ പിഴിയുന്ന നടപടികൾക്ക് അറുതിവരുത്താൻ അധികാരികളുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നതാണ് പ്രവാസികളുടെ ആവശ്യം.