കോഴിക്കോട്: വീട്ടില്‍ കയറി ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ച കേസിലെ മുഖ്യപ്രതി കാരാടന്‍ സുലൈമാനും സഹോദരന് ഹാരീസുമുള്പ്പെടെ അഞ്ചുപേര്‍ അറസ്റ്റിൽ . കാരാടൻ സുലൈമാൻ (52), കാരാടൻ ഹാരിസ്(36), സഹ്രാദ്( 25), ഹനീഷ്( 39), റഹീസ് ബാബു (38) എന്നിവരാണ് അറസ്റ്റിലായത്. നടക്കാവ് ഇൻസ്പെക്ടർ ടി.കെ.അഷ്റഫിനു മുമ്പാകെ ഇവര്‍ ഇന്നു രാവിലെ കീഴടങ്ങുകയായിരുന്നു.
അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ പ്രതികള്‍ക്ക് ജൂലൈ 31 വരെ ആദ്യം ഹൈകോടതി സമയം അനുവദിച്ചിരുന്നു. പിന്നീട് വീണ്ടും 10 ദിവസത്തേക്ക് നീട്ടി. അതിനിടെയാണ് ഇവര്‍ കീഴടങ്ങിയത്. തുടര്‍ന്ന് അഞ്ചുപേരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതികളെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്നും,വധശ്രമകേസായതിനാൽ ജാമ്യം ലഭിക്കാനിടയില്ലെന്നും പോലീസ് സൂചിപ്പിച്ചു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടും പോലീസ് സുലൈമാനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല. കോടതി ഉത്തരവുള്ളതിനാലാണ് പ്രതികള്‍ ഇപ്പോള്‍ കീഴടങ്ങിയത്. ബിനോയ് കോടിയേരി പ്രതിയായ സ്ത്രീപീഡനകേസിൽ സുലൈമാന്‍ മുംബൈയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നും, ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് സുലൈമാനെ പിടികൂടാന്‍ പോലീസിനു മേല്‍ സമ്മർദ്ദമുള്ളതെന്നാണ് പരാതിക്കാരുടെ ആരോപണം. ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് കേസിനാസ്പദമായ സംഭവം.
പ്രവാസി വ്യവസായിയും കെ.പി.ചന്ദ്രന് റോഡിലെ മലബാര്‍ ഹില്‍സ് വില്ലയില്‍ താമസക്കാരനുമായ മുഹമ്മദ് ഇക്ബാലിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. കാരാടന്‍ സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘം ഇക്ബാലിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. കൂടാതെ വില്ലയിലെ സുരക്ഷാജീവനക്കാരയും മര്‍ദ്ദിച്ചെന്നാണ് കേസ്.
പണമിടപാടു സംബന്ധിച്ച പ്രശ്നമാണ് അക്രമത്തിന് കാരണം.സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ കാട്ടുമുണ്ട നടുവത്ത് നജ്മല്‍ (28), ചങ്ങരംകുളം കാരാടന്വീട്ടില് അബ്ദുള്‍ ഗഫൂര്‍(47) എന്നിവരെ മാത്രമാണ് നടക്കാവ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. സുലൈമാനും മറ്റുള്ളവര്‍ക്കുമെതിരേ ഇക്ബാല്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
അതേസമയം നേരത്തെയും കാരാടന്‍ സുലൈമാന്‍, എംപിയുടെ മകനേയും കുടുംബത്തേയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു . പണം നല്‍കാനുണ്ടെന്ന കാരണത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യക്തമാക്കി മലാപ്പറമ്പ് ഫ്ളോറിക്കന്‍ ഹില്റോഡിലെ കളത്തില്‍ അവന്യൂവില്‍ താമസക്കാരനായ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ മകന് ഇ.ടി. ഫിറോസാണ് പരാതിയുമായി രംഗത്തെത്തിയത്.
മെയ് 13 ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കും കഴിഞ്ഞ മാസം 10ന് ചേവായൂര്‍ സിഐയ്ക്കും കാരാടന്‍ സുലൈമാനെതിരേ പരാതി നല്‍കിയിരുന്നു.എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണറിയുന്നത്. സിപിഎം സംസ്ഥാനനേതൃത്വത്തിലെ ചിലരുമായി സുലൈമാനുള്ള ബന്ധമാണത്രെ പോലീസിനു കൂച്ചുവിലങ്ങിട്ടതിനു കാരണം.