കായംകുളം: പ്രവാസികളുടെ കൂട്ടായ്മയിൽ നാട്ടിലും സമൂഹത്തിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എ.എം. ആരിഫ് എംപി. സൗദിയിലെ ദമാമിൽ ജോലി ചെയ്യുന്ന കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം ദമാം പ്രവാസി ചാരിറ്റിയുടെ എട്ടാം വാർഷിക സമ്മേളനം റ്റി.എ കണ്വെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർഷികത്തോടനുബന്ധിച്ച് സാധു പെണ്‍കുട്ടിയുടെ വിവാഹം, 125 രോഗികൾക്ക് സൗജന്യ മെഡിക്കൽ കാർഡ് വിതരണം ഉൾപടെ നിരവധി ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ചെയർമാൻ എബി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി.
സ്കോളർഷിപ്പ് വിതരണം നഗരസഭ ചെയർമാൻ എൻ.ശിവദാസനും മെഡിക്കൽ കാർഡ് വിതരണം ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറന്പിലും നിർവഹിച്ചു. തുടർന്ന് വിവാഹച്ചടങ്ങ് നടന്നു. എ. ത്വാഹമുസ്ലിയാർ, എ.ജെ. ഷാജഹാൻ, കൗണ്‍സിലർമാരായ ആറ്റ കുഞ്ഞ്, പാലമുറ്റത്ത് വിജയകുമാർ, നവാസ് മുണ്ടകത്തിൽ, ഇർഷാദ് പ്രശാന്ത് നിലന്പൂർ, സിനിൽ സബാദ്, റിയാസ് നൈനാരത്ത്, ഷാഹുൽ ഹമീദ് നന്പലശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.