കൊച്ചി: കോവിഡ് 19 രോഗബാധയെത്തുടർന്നു വിവിധ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം ജില്ല ഒരുങ്ങി.
നാളെ മുതലാണു പ്രവാസികൾ എത്തിതുടങ്ങുന്നത്. ആദ്യഘട്ടത്തിൽ നെടുന്പാശേരി അന്താരാക്ഷ്ട്ര വിമാനത്താവളത്തിൽ 2,150 പ്രവാസികളാണ് എത്തുക. ആദ്യ ദിവസമായ നാളെ അബുദാബി , ദോഹ എന്നിവിടങ്ങളിൽനിന്നുമായി 200 പേർ വീതം മടങ്ങിയെത്തും.
എട്ടിന് ബഹ്റൈനിൽനിന്നും 200 പേരും ഒൻപതിന് കുവൈറ്റ്, മസ്ക്കറ്റ് എന്നിവിടങ്ങളിൽനിന്നും യഥാക്രമം 200, 250 പേർ വീതവും എത്തിച്ചേരും. പത്തിന് കോലാലംപൂരിൽനിന്നും 250 പേരും 11ന് ദുബായി, ദമാം എന്നിവിടങ്ങളിൽനിന്നും 200 പേർ വീതവും എത്തും. 12 ന്് കോലാലംപൂരിൽനിന്നും 250 പേരും 13ന് ജിദ്ദയിൽനിന്ന് 200 പേരുമാണ് കൊ്ച്ചിയിൽ എത്തുക.
പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ വൻ സജ്ജീകരണങ്ങളാണു വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും ഒരുക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് മുൻകൂട്ടി സ്വീകരിച്ചിട്ടുണ്ട്.
വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യ ഘട്ട സന്പർക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി ഇതു പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്.
വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനായി തെർമൽ സ്കാനറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ ശരീര ഉൗഷ്മാവ് ഉയർന്ന നിലയിലുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റും.
വിദേശത്തു നിന്നെത്തുന്നവരുടെ വിവരങ്ങൾ അപഗ്രഥിക്കാനാവശ്യമായ ഉപകരണങ്ങൾ ക്രമീകരിക്കാൻ എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർക്കും പോർട്ട് ട്രസ്റ്റ് അധികൃതർക്കും നിർദേശം നൽകി.
നിലവിൽ തുറമുഖത്ത് തെർമൽ സ്കാനിങ്ങ് സംവിധാനമില്ലെങ്കിലും ഉടൻ തന്നെ ലഭ്യമാക്കും.
വിദേശത്തു നിന്നെത്തുന്നവരെ താമസിപ്പിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളും ജില്ലയിൽ സജ്ജമാണ്. ജില്ലയിലാകെ നാലായിരം വീടുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും അറ്റാച്ച്ഡ് ബാത്ത്റൂം സംവിധാനവുമുള്ള വീടുകൾ മാത്രമേ അവസാന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളു.
മുന്പ് ഗ്രാമപഞ്ചായത്തുകളിൽ മാത്രം നാലായിരത്തിലധികം വീടുകൾ കണ്ടെത്തിയിരുന്നുവെങ്കിലും അസൗകര്യങ്ങൾ മൂലം നിരവധി വീടുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി. ഗ്രാമപഞ്ചായത്ത് പരിധിയിൽ രണ്ടായിരത്തി ഇരുനൂറ് വീടുകളും മുൻസിപ്പാലിറ്റി പരിധിയിൽ രണ്ടായിരം വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതിന് പുറമെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും വിദേശത്തു നിന്നെത്തുന്നവർക്ക് താമസസൗകര്യമൊരുക്കാനാണു ജില്ല ഭരണകൂടം ശ്രമിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് താമസസ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ഡബിൾ ചേംബർ ടാക്സി കാറുകളും തയാറാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെയും തുറമുഖത്തെയും കോവിഡ് നോഡൽ ഓഫീസർ ഡോ. ഹനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.