മട്ടന്നൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആദ്യവിമാനം 12ന് എത്തും.
ദുബായില്‍നിന്നാണ് ആദ്യസംഘം എത്തുന്നത്. 12ന് വൈകുന്നേരം 7.10ന് എത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കുശേഷം കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണസ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കുശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുക.
ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളിലേക്കുമാണ് അയയ്ക്കുക.
വിമാനത്താവളത്തില്‍നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്ക്രീനിംഗിന് വിധേയരാക്കുകയും ക്വാറന്റൈനിൽ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. ഇവരുടെ ക്വാറന്റൈന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലക്കാരായ യാത്രക്കാരെയും അയല്ജില്ലയിലേക്കു പോകേണ്ടവരെയും പ്രത്യേകമായി തിരിച്ചാണ് വിമാനത്താവളത്തില്‍നിന്ന് പുറത്തിറക്കുക.
ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്രതിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്.
വിമാനയാത്രക്കാരെയും അവരുടെ ബാഗേജുകളും കൈകാര്യംചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സുരക്ഷാമുന്‍കരുതലുകളും സ്വീകരിക്കും.