മട്ടന്നൂർ(കണ്ണൂർ): പ്രവാസികളുമായി കുവൈറ്റ് എയർവെയ്സിന്റെ വിമാനം വീണ്ടും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തി. രാവിലെ 7.57 നാണ് വിദേശ വിമാനമായ ജസീറ എയർവെയ്സ് കണ്ണൂരിൽ ഇറങ്ങിയത്. നാല് പിഞ്ചു കുട്ടികൾ അടക്കം 157 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിദേശ വിമാനമാണ് പ്രവാസികളുമായി കണ്ണൂരിലെത്തിയത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷം ആദ്യമായി ഒൻപതിന് വൈകുന്നേരമാണ് വിദേശ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് വിമാനം കണ്ണൂരിലെത്തിയത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതിനെ തുടർന്നാണ് വിദേശ വിമാനങ്ങൾ ഉൾപ്പെടെ കണ്ണൂരിലെത്തിയത്. ആദ്യ വിമാനത്തിൽ 56 യാത്രക്കാരും ഇന്നലെ ആദ്യമായി എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനത്തിൽ ദമാമിൽ നിന്നുള്ള 332 പ്രവാസികളുമാണുണ്ടായിരുന്നത്.
എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം ഇന്നും കണ്ണൂരിലെത്തുന്നുണ്ട്. റിയാദിൽ നിന്നാണ് എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനമെത്തുന്നത്.
ഇതിനു പുറമെ ഇന്ന് ഉച്ചയ്ക്ക് 12.45 ന് മസ്ക്കറ്റിൽ ഇൻഡിഗോ വിമാനവും ഉച്ച കഴിഞ്ഞ് 3.35ന് മസ്ക്കറ്റിൽ നിന്ന് ഗോ എയർ വിമാനവും 3.40 ന് അബുദാബിയിൽ നിന്ന് ഗോഎയർ വിമാനവും പ്രവാസികളുമായി കണ്ണൂരിലെത്തും.