ബിജു ഇത്തിത്തറ
കടുത്തുരുത്തി: വിദേശത്ത് നിന്നുമെത്തിയ കോട്ടയം ജില്ലക്കാരായ 17 പേരും ഇതര സംസ്ഥാനത്തിൽ നിന്നെത്തിയ 12 പേരുമുൾപ്പെടെ 29പേർ കഴിയുന്നതു ക്വാറന്റയിൻ കേന്ദ്രമായ കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്ററിൽ.
ബഹറിനിൽനിന്ന് ഇന്നലെ രാത്രി നെടുന്പാശേരി വിമാനത്താവളത്തിൽ ഒൻപതു പേരെ ഇന്നു പുലർച്ചെ 4.15നാണ് എത്തിച്ചത്. ഇതിൽ നാലു പുരുഷൻമാരും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു.
പേരൂർ സ്വദേശി(31), മണർകാട് സ്വേദശി(28), കറുകച്ചാൽ സ്വദേശി(24), ഏറ്റുമാനൂർ സ്വദേശി(55), നീലൂർ സ്വദേശിനി(48), കടനാട് സ്വേദേശിനി(40), മറവന്തൂരുത്ത്(26), ചങ്ങാശേരി സ്വദേശിനി(24), മീനടം സ്വദേശിനി(26) എന്നിരാണ് എത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ എത്തിയ തലയോലപ്പറന്പ് സ്വദേശിയായ 64 കാരൻ, ഇദേഹത്തിന്റെ ഭാര്യ(56), അയർക്കുന്നം സ്വദേശി (40), കോട്ടയം പനച്ചിക്കാട് സ്വദേശി (39), പള്ളം സ്വദേശി (36), അതിരന്പുഴ സ്വദേശി (29), അതിരന്പുഴ സ്വദേശിനി (54 ), കറുകച്ചാൽ സ്വദേശിനി (51) എന്നിവരുൾപ്പെടെ 17 പേരും ഇവർക്കു പുറമെ ഇതര സംസ്ഥാനങ്ങളിലെ റെഡ്് സോണിൽ നിന്നു 12 പേരുമുൾപ്പെടെ 29 പേരാണ് ഇവിടെ കഴിയുന്നത്.
ഗർഭിണികൾ ഉൾപ്പെടെ ഇളവുകൾ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവർ പൊതുസന്പർക്കം ഒഴിവാക്കി വീടുകളിലാണ് കഴിയുന്നത്. നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനുള്ള ചുമതല കുറുപ്പുന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കാണ്. ഇതിനായി രണ്ട് ഹെൽത്ത് വോളണ്ടിയർമാരെ നിരീക്ഷണ കേന്ദ്രത്തിൽ നിയോഗിച്ചിട്ടുണ്ട്.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഏല്ലാ ദിവസവും ഇവിടെ സന്ദർശനം നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തും. താമസിക്കുന്നവർക്ക് അവശ്യസന്ദർഭങ്ങളിൽ ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെടാൻ ക്രമീകരണം ഏർപെടുത്തിയിട്ടുണ്ട്. ഭക്ഷണവും മറ്റ് അവശ്യ സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് മാഞ്ഞൂർ പഞ്ചായത്താണ്.
മാഞ്ഞൂർ വില്ലേജ് ഓഫീസർക്കാണ് നിരീക്ഷണ കേന്ദ്രത്തിലെ മേൽനോട്ടച്ചുമതല. റവന്യു വകുപ്പിലെ ഒരു ജീവനക്കാരനും പഞ്ചായത്തിലെ ഒരു ജീവനക്കാരനുമാണ് ഇവിടെ ചുമതലയിലുള്ളത്. നിരീക്ഷണത്തിലുള്ളവർ കഴിയുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലാണ് ജീവനക്കാർ ഇരിക്കുക.
ഇവിടെ ചുമതലയുള്ള ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എല്ലാം ദിവസവും സെന്ററിലെത്തി താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് മെഡിക്കൽ ഓഫീസർ പി.എസ്. സുഷാന്തിന് സമർപിക്കും.
ഇതിൽ കോവിഡിന്റെ ലക്ഷണമുള്ളവരെ ഉടൻതന്നെ ആം ബുലൻസിൽ മെഡിക്കൽ കോളജിലേക്ക് മാറ്റും. നിലവിൽ ഇവിടെ കഴിയുന്നവരെല്ലാം പൂർണ ആരോഗ്യവാൻമാരാണെന്ന് അധികൃതർ അറിയിച്ചു. 60 മുറികളിലായി 120 കിടക്കകളാണുള്ളത്.
വൈക്കം തഹസീൽദാർ എസ്.ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ പി.കെ. രമേശൻ, മാഞ്ഞൂർ വില്ലേജ് ഓഫീസർ എ.ഡി. ലിൻസ്, കടുത്തുരുത്തി എസ്എച്ച്ഒ പി.കെ. ശിവൻകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രവാസികളെ സ്വീകരിച്ചത്.
പ്രഭാതഭക്ഷണം ഉപ്പുമാവ്, ഉച്ചയ്ക്കും രാത്രിയിലും ഊണ്
കടുത്തുരുത്തി: രാവിലെ ഉപ്പുമാവും പഴവും ബ്രഡും ചായയുമാണ് പ്രവാസികൾക്ക് പ്രാതലായി നൽകിയത്. ഉച്ചയ്ക്കു കുത്തരി ചോറും സാന്പാറും കാബേജു തോരനും അച്ചാറും ഉണക്കചെമ്മീൻ ചമന്തിയുമാണ് ഉച്ചഭക്ഷണമായി നൽകിയത്.
ആദ്യദിനത്തിൽ അത്താഴവും ഉൗണ് തന്നെയാണ് നൽകിയത്. വരും ദിവസങ്ങളിൽ പ്രവാസികൾക്ക് ഇഷ്ടമുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപെടുത്തിയതായി മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് പറഞ്ഞു.
പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരായ രണ്ടുപേരാണ് സെന്ററിൽ ഭക്ഷണം എത്തിക്കുക. ഇവർ ഭക്ഷണം സെന്ററിലെ പൊതുവായ സ്ഥലത്ത് കൊണ്ടുപോയി വയ്ക്കും.
തുടർന്ന് ഇവർ മടങ്ങിയശേഷം പ്രവാസികൾ ഇവിടെയെത്തി ഭക്ഷണം എടുക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലിൽ നിന്നാണ് നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള ഭക്ഷണം എത്തിക്കുന്നത്
കുറവിലങ്ങാട്ട് അഞ്ചുപേരെത്തി
കുറവിലങ്ങാട്: ദേവമാതാ കോളജിലെ മഡോണ ഹോസ്റ്റലിലെ ക്വാറന്റയിൻ സെന്ററിൽ അഞ്ചുപേരെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് അഞ്ച് വനിതകൾ ഇവിടെ എത്തിയത്.
തമിഴ്നാട്ടിലായിരുന്ന വിദ്യാർഥിനികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ഇവിടെ ക്വാറന്റയിനിൽ കഴിയുന്നത്. പാർട്ട്ടൈം ജീവനക്കാരും ഇവരിൽപ്പെടുന്നു. ഭരണങ്ങാനത്തുനിന്നുള്ള രണ്ടുപേർ, കുറവിലങ്ങാട്, വെളിയന്നൂർ, ആനിക്കാട് എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർ എന്നിവരാണ് ഇവിടെയുള്ളത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും രണ്ടുപേർ വീതവും ഇന്നലെ ഒരാളുമാണ് ഈ കേന്ദ്രത്തിൽ എത്തിയത്. വെല്ലൂർ, ചെന്നൈ എന്നിവിടങ്ങളിലുണ്ടായിരുന്ന രണ്ടുപേരും ചോളൻമേടിൽ നിന്നുള്ള ഒരാളുമാണ് എത്തിയിട്ടുള്ളത്.
തെർമൽ സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ പൂർത്തീകരിച്ചാണ് ഇവരെ ക്വാറന്റയിനിലാക്കിയിട്ടുള്ളത്. 20 പേർക്കാണ് ഇവിടെ സൗകര്യം ക്രമീകരിച്ചിട്ടുള്ളത്.
കുറവിലങ്ങാട് ഒരു സ്വകാര്യ ഹോസ്റ്റൽ പ്രയോജനപ്പെടുത്താനും ആലോചനകളുണ്ട്. ക്വാറന്റയിനിലുള്ളവർക്ക് റവന്യു, പഞ്ചായത്ത്, പോലീസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളും ചെയ്യുന്നുണ്ട്.