തൊടുപുഴ: വന്ദേമാതരം മിഷന്റെ ഭാഗമായി ഇടുക്കി ജില്ലയിലേക്ക് എത്തിയത് ഒന്‍പതു പേര്. പത്തു പേരുടെ പട്ടികയാണ് ജില്ലാ ഭരണകൂടത്തിനു ലഭിച്ചതെങ്കിലും ഒന്‍പതു പേരാണ് രണ്ടു വിമാനത്തിലായി എത്തിയതെന്ന് ജില്ലാ കളക്ടര്‍ എച്ച് .ദിനേശന് പറഞ്ഞു.
റിയാദില്‍ നിന്നു കരിപ്പൂരിലെത്തിയ വിമാനത്തിലും ബഹറിനില്‍ നിന്നു നെടുമ്പാശേരിയിലെത്തിയ വിമാനത്തിലുമാണ് ഇവര്‍ എത്തിയത്. ബഹറിനില്‍ നിന്നെത്തിയ അമ്മയെയും രണ്ടു കുട്ടികളെയും തൊടുപുഴ വട്ടക്കളം റെസിഡന്‍സിയിലാണ് നിരിക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കു മാത്രമായാണ് ഇവിടെ നിരീക്ഷണ കേന്ദ്രമൊരുക്കിയിരിക്കുന്നത്. ഒരാളെ കുടയത്തൂര്‍ വെട്ടം റിസോര്‍ട്ടില്‍ സജ്ജമാക്കിയിരിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ജില്ലയിലേക്കു വന്ന ഒരു പ്രവാസിക്ക് മൂവാറ്റുപുഴയില്‍ താമസ സൗകര്യം ലഭ്യമായതിനാല്‍ ഇവിടെ തങ്ങാന്‍ അനുമതി നല്കി.
വണ്ണപ്പുറം സ്വദേശിനിയായ ഗര്‍ഭിണി ഉള്‍പ്പെടെ ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം നല്കി അതാതു സ്ഥലങ്ങളിലേക്ക് അയച്ചു. പോലീസ്, റവന്യു, ആരോഗ്യ പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു പ്രവാസികളെ ജില്ലയില്‍ എത്തിച്ചത്.
നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തവര്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷ. നാലായിരത്തോളം പ്രവാസികള്‍ ജില്ലയിലെത്തുമെന്നാണ് കരുതുന്നത്. ഇവര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ട്.
ജില്ലയില്‍ തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കാന്‍ 4,831 മുറികളിലായി 8,184 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. റിസോര്‍ട്ടുകള്‍, സ്വകാര്യ ആശുപത്രികള്‍, സൗകര്യമുള്ള ഹാളുകള്‍, ഹോട്ടലുകള്‍, കോളജ് ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാട്ടേഴ്സുകള്‍ എന്നിവയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരിക്കുന്നത്.
സ്ത്രീകള്‍ക്കായി പ്രത്യേകം നിരീക്ഷണ കേന്ദ്രങ്ങളും തയാറാക്കിയിട്ടുണ്ട്. ഇങ്ങിനെ 145 കേന്ദ്രങ്ങളിലാണ് നിരീക്ഷണ സംവിധാനമൊരുക്കിയിരിക്കുന്നത്. മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് ഏറ്റവും കൂടുതല്‍ ബെഡുകള്‍ ഒരുക്കിയിട്ടുള്ളത്-244. വട്ടവട കോവിലൂര്‍ പാലസില്‍ നാലു മുറികളിലായി എട്ടു ബെഡുകളും ഒരുക്കിയിട്ടുണ്ട്.
ഭക്ഷണമുള്‍പ്പടെയുള്ള ചെലവുകളും സര്‍ക്കാര്‍ നല്‍കും. വിമാനത്താവളങ്ങളില്‍ നിന്നും ഇവരെ നേരിട്ട് എത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.