തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്ന വന്ദേ ഭാരത് പദ്ധതിയുടെ മൂന്നാം ദിനമായ ഇന്ന് പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കേരളത്തിലെത്തും.
മൂന്ന് വിമാനങ്ങളും കൊച്ചിയിലാണെത്തുക. മസ്കറ്റിൽ നിന്ന് രാത്രി 8.50നും കുവൈറ്റിൽ നിന്ന് രാത്രി 9.15നും ദോഹയിൽ നിന്നുള്ളത് നാളെ പുലർച്ചെ 1.15നും എത്തും. നാളെ ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
നാളെ രാത്രി 10.45നാണ് ദോഹയിൽ നിന്നുളള വിമാനം തിരുവനന്തപുരത്ത് എത്തുക. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇതിൽ വരുന്നത്. 177പേരാണ് ദോഹയിൽ നിന്നുളള വിമാനത്തിൽ ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഴ് ഹെൽപ്പ് ഡെസ്കുകൾ വഴിയാണ് യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുക. അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറ വഴി ആളുകളെ പരിശോധിക്കും. തിരുവനന്തപുരത്തെ ആറ് താലൂക്കുകളിലായി 17,000 പേർക്കുളള നിരീക്ഷണ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗൾഫ് രാജ്യങ്ങളിൽനിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 181 പ്രവാസികളുമായി അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുന്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
ഇതിലെ യാത്രക്കാരിൽ നാല് കൈക്കുഞ്ഞുങ്ങളും പത്തു വയസിനു താഴെയുള്ള 15 കുട്ടികളും 49 ഗർഭിണികളും ഉൾപ്പെടും. ഇവരിൽ അഞ്ച് പേരെ കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ 182 പേർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
ഇതിൽ 177 പേർ മുതിർന്നവരും അഞ്ചു പേർ കുട്ടികളുമാണ്. റിയാദിൽ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനവും ഇന്നലെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതിൽ ഉൾപ്പെടും. യാത്രക്കാരിൽ 84 പേർ ഗർഭിണികളാണ്. 22 കുട്ടികളും. അടിയന്തര ചികിത്സക്കെത്തുന്നവർ അഞ്ചു പേരുണ്ട്. യാത്രക്കാരിൽ എഴുപതിന് മുകളിൽ പ്രായമുള്ള മൂന്നു പേരുണ്ട്.