ന്യൂഡല്‍ഹി: ഗള്‍ഫ് മലയാളികള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ അവഗണന വീണ്ടും. ബംഗളൂരുവില്‍ ശനിയാഴ്ച തുടങ്ങുന്ന ത്രിദിന പ്രവാസി ഭാരതീയ ദിവസ് (പിബിഡി) സമ്മേളനത്തില്‍ ഗള്‍ഫിനു വേണ്ടി മാത്രമുള്ള പതിവുള്ള പ്രത്യേക സെഷന് ഇക്കുറിയില്ല. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയന് അടക്കം എട്ടു മുഖ്യമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ നിന്നാണു രാജ്യത്തിന് ഏറ്റവുമധികം വിദേശനാണ്യം സംഭാവന ചെയ്യുന്ന ഗള്‍ഫിലെ പ്രവാസികളോടു ചിറ്റമ്മ നയം.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സെഷന് കാര്യപരിപാടിയിലുണ്ടെന്നും ഗള്‍ഫിലെ ലക്ഷക്കണക്കിനു ഇന്ത്യക്കാരുടെ വിഷയവും ഇക്കൂട്ടത്തില്‍ പെടുമെന്നുമാണു സംഘാടകരുടെ വിശദീകരണം. എ.ബി. വാജ്പേയി സര്‍ക്കാരിന്റെ കാലം മുതലുള്ള ഗള്ഫിന് പ്രത്യേക സെമിനാര്‍ എന്ന കീഴ്വഴക്കമാണ് അട്ടിമറിച്ചത്. പ്രവാസികളെ സഹായിക്കാനായി മാത്രം രൂപീകരിച്ച പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയതിനു പിന്നാലെയാണിത്.
പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതു ഗള്‍ഫ് രാജ്യങ്ങളിലാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരില്‍ നിന്നു വ്യത്യസ്തമായി വലിയ തോതില്‍ തൊഴില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്നവരുമാണു ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികള്‍. പിബിഡി സമ്മേളനത്തിലെ ഏറ്റവും പ്രാതിനിധ്യവും പങ്കാളിത്തവും സജീവമായിരുന്നു ഗള്‍ഫ് സെഷന്. കാര്യമായ പ്രയോജനം കിട്ടാറില്ലെങ്കിലും പ്രവാസികള്‍ക്കു തങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു മന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്.
എന്നാല്‍, ഗള്‍ഫിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്കു വര്‍ഷങ്ങളായി പരിഹാരം കാണാനാകാത്തതു പല പ്രവാസികളെയും രോഷാകുലരാക്കിയിരുന്നു. പതിവു ന്യായങ്ങള്‍ നിരത്തി രക്ഷപെടാനുള്ള സര്‍ക്കാരിന്റെ തന്ത്രം കൂടിയായാണു കാര്യപരിപാടിയില്‍ മാറ്റം വരുത്തി, ഇസിആര്‍ രാജ്യങ്ങളുടെ യോഗം ചേരാനുള്ള പുതിയ തീരുമാനമെന്നാണു കരുതുന്നത്.
ബംഗളൂരു ഇന്റര്‍നാണഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന പതിനാലാമത് പിബിഡി സമ്മേളനത്തില്‍ നാലായിരത്തിലേറെ പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രവാസികാര്യ സെക്രട്ടറി ധ്യാനേശ്വര്‍ എം. മുളയ്, വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആദ്യദിവസമായ ശനിയാഴ്ച യുവാക്കള്‍ക്കു വേണ്ടിയാണ്. സുരിനാം വൈസ് പ്രസിഡന്റ് മുപ്പത്താറുകാരന് മൈക്കിള്‍ സത്യേന്ദ്ര അധിന് മുഖ്യാതിഥിയായിരിക്കും.
ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. പോര്‍ച്ചുഗല്‍ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റയാണു മുഖ്യാതിഥി. ഒമ്പതിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാക്കളുടെ വിവരങ്ങള്‍ തലേന്നു മാത്രമേ പ്രഖ്യാപിക്കൂ.
ഇത്തവണ ഏറ്റവും കൂടുതല്‍ പ്രതിനിധികളെത്തുന്നത് ഖത്തറില്‍ നിന്നാണ്. യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മലേഷ്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ സംഘമായി എത്തുന്നുണ്ട്. പ്രവാസി വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ട്അപ്പില്‍ പ്രവാസി യുവതയുടെ പങ്ക്, ഇന്ത്യയുടെ വികസനത്തിലും ടൂറിസത്തിനും പ്രവാസികളുടെ സഹകരണം, പ്രവാസികളെ മാതൃരാജ്യവുമായി ബന്ധിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം, കോണ്‍സുലാര്‍ സേവനങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രയാസം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകള്‍ സമ്മേളനത്തി ലുണ്ടാകും.