കാട്ടാക്കട: കടം ചോദിച്ച പണം നൽകിയില്ലെന്ന് ആരോപിച്ച് പ്രവാസിയെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. അന്തിയൂർക്കോണം തേവുപാറ ബിജു ഭവനിൽ ബിജുവിനെ (30)യാണ് ആക്രമിച്ചത്. അന്തിയൂർക്കോണം സ്വദേശികളായ ഹേമന്ദ്, നന്ദു എന്നിവരും കണ്ടാലറിയുന്ന മറ്റൊരാളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് ബിജു പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വടിവാളുമായി വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതികൾ പോർച്ചിൽ കിടന്ന കാറിന്റെ മുൻ ഗ്ലാസ് തല്ലിത്തകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ബിജുവിനെ വടിവാൾ ഉപയോഗിച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇയാളുടെ മുഖത്തും കൈയ് ക്കും കാലിനും വെട്ടേറ്റു. ഈ സമയം ബിജുവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് അക്രമികൾ സ്ഥലം വിട്ടത്.ബിജുവിനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒന്നരമാസം മുൻപാണ് ബിജു ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. ഉടൻ തിരിച്ചു പോകാനിരിക്കെയാണ് ആക്രമണമുണ്ടായത്.
ഹേമന്ദും നന്ദുവും പലപ്രാവശ്യം പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജു കൊടുക്കാൻ കൂട്ടാക്കിയില്ല. ഇതാണ് ആക്രമണത്തിന് കാരണമെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസ് രജിസ്റ്റർ ചെയ്തതായി എസ്ഐ സുരേഷ് കുമാർ പറഞ്ഞു. വരുന്ന 26 ന് ബിജുവിന്റെ വിവാഹം നടത്താനിരിക്കുകയായിരുന്നു.