കോഴിക്കോട്: ”ആ മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ട് അയയ്ക്കേണ്ട, ഞങ്ങൾക്കു വേണ്ട’ -വിദേശത്ത് മരിച്ചയാളുടെ ഭാര്യയുടെയും രണ്ടു മക്കളുടെയും ഈ മറുപടി കേട്ട് പകച്ചുപോയെന്ന് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശേരി ഫേസ് ബുക്കിൽ കുറിക്കുന്നു.
ഗൾഫിൽ മരണമടഞ്ഞ മധ്യവയസ്കനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടതെന്നും അവരുടെ പ്രതികരണം ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നുവെന്നും അഷറഫ് പറയുന്നു.
പോസ്റ്റിൽനിന്ന്; ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്.
കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു. അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടിവയ്ക്കുകയായിരുന്നു.
ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽനിന്നു സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ പണം അയച്ചുകൊണ്ടിരുന്നു.
മനോഹരമായ വീട് നിർമിച്ചത് അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു. എന്തായാലും ഇന്നലെ അയാൾ തന്റെ അറുപത്തിരണ്ടാം വയസിൽ പ്രവാസിയായി മരണപ്പെട്ടു.
പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു. മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയയ്ക്കേണ്ടെന്നു ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു.
പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം…
എന്റെ കടമ എനിക്ക് നിർവഹിച്ചേ മതിയാവൂ…. അയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങൾ ധരിപ്പിച്ചു.
പിന്നീട് ഒട്ടേറെ ഫോൺ വിളികൾ… മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു. ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയാറായി.
മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടേതായാലും.