വളപട്ടണം: ആന്തൂർ നഗരസഭ പാർഥാ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നിഷേധിച്ചതിൽ ആത്മഹത്യചെയ്ത സംഭവത്തിൽ കൊറ്റാളിയിലെ സാജൻ പാറയിലിന്റെ ഓഫീസിലും ആന്തൂർ നഗരസഭയിലും പോലീസ് റെയ്ഡ് നടത്തി രേഖകൾ കസ്റ്റഡിയിലെടുത്തു.
അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, വളപട്ടണം സിഐ എം.കൃഷ്ണൻ, എസ്ഐ പി.വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെയും ഇന്നുമായി കൺവെൻഷൻ സെന്ററിലെ ഓഫീസും നഗരസഭാ ഓഫീസും പരിശോധിച്ചത്.
പരിശോധനയിൽ ആന്തൂർ നഗരസഭയിൽ കേസുമായി ബന്ധപ്പെട്ട് എട്ട് ഫയലുകളും സാജന്റെ ഓഫീസിൽ നിന്ന് ആറു ഫയലുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ മൂന്നിനാണ് തീർന്നത്.വീട്ടിൽ നിന്നും എതാനും രേഖകൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പാർഥാസ് കൺവെൻഷൻ സെന്റർ പ്രൊജക്ട് മാനേജർ സജീവനിൽ നിന്നും മൊഴിയെടുത്തിരുന്നു.
അന്വേഷണസംഘം ഇന്നും നഗരസഭയിലെയും സാജന്റെ ഓഫീസിലുള്ളവരിൽ നിന്നുമായി വിശദമായ മൊഴിയെടുത്തു വരികയാണ്. ഓഫീസിലെ നാലു ജീവനക്കാരുടെ മൊഴിയും വീണ്ടും ശേഖരിക്കുന്നുണ്ട്. സിസിടിവി കാമറകളിലെ ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. വളപട്ടണം എസ് എച്ച് ഒ ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണം ക്രമീകരിച്ചിരിക്കുന്നത്.
കണ്ണൂരിൽ ഏഴ് ബാങ്കുകളിൽ അക്കൗണ്ടുള്ള സാജന് കൺവെൻഷൻ സെന്ററിന്റെ പേരിൽ സഹകരണ ബാങ്കിൽ 50 ലക്ഷം രൂപയുടെ വായ്പയും മറ്റൊരു ബാങ്കിൽ അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയും മാത്രമാണുള്ളത്. ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിനാൽ പഴുതടച്ചുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ.