തിരുവനന്തപുരം: ആന്തൂറിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരസഭാ സെക്രട്ടറി പുറപ്പെടുവിക്കുന്ന ഉത്തരവിൻമേൽ അപ്പീൽ കേൾക്കാൻ കൗണ്‍സിലിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു.
നഗരസഭ സെക്രട്ടറിമാരുടെ അധികാരം വെട്ടികുറയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിപുലമായ അധികാരങ്ങളാണ് ഇപ്പോൾ സെക്രട്ടറിമാർക്ക് നൽകിയിരിക്കുനന്ത്. സെക്രട്ടറിമാരുടെ അധികാരം വെട്ടികുറയ്ക്കാൻ നിയമഭേദഗതി കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ മുഖ്യമന്ത്രിക്ക് കുറ്റബോധവും പ്രയാസവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അടിയന്തിര പ്രമേയ നോട്ടീസ് വിഷയത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന സഭ ഇന്നത്തേക്ക് പിരിഞ്ഞു.