തൃശൂർ: പ്രവാസി ഡിവിഡന്റ് പദ്ധതിയിലുള്ള നിക്ഷേപത്തിനു സംസ്ഥാന സർക്കാരിന്റെ പൂർണ ഗ്യാരന്റി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള വളരുന്ന നിക്ഷേപ പദ്ധതിയാണു പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രവാസി ക്ഷേമബോർഡ് മുഖനേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതി നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ മൂന്നു വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതുമാണ് പദ്ധതി.
കിഫ്ബി വഴിയാണ് മുഖ്യമായും നിക്ഷേപത്തുക വിനിയോഗിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ ആദ്യ നിക്ഷേപത്തുകയായ 40 ലക്ഷം രൂപയ്ക്കുള്ള സർട്ടിഫിക്കറ്റ് പ്രവാസിയായ ഡോ. റീമോൾ അലക്സിനു വേണ്ടി ബന്ധു തോമസ് ഡാനിയൽ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റു വാങ്ങി. പ്രമുഖ വ്യവാസികളായ ഉജാല രാമചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ കൊടകര, പ്രമോദ്, പ്രവീണ് എന്നിവർ നിക്ഷേപത്തുകയുടെ ചെക്കുകൾ മുഖ്യമന്ത്രിക്കു കൈമാറി.
മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് പദ്ധതി വിശദീകരിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ. രാജൻ, കെ.വി. അബ്ദുൾഖാദർ എംഎൽഎ, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഗായകരായ രമേശ് നാരായണൻ, വി.ടി. മുരളി, സിത്താര, മധുശ്രീ നാരായണൻ എന്നിവരുടെ സംഗീതപരിപാടി ഉണ്ടായി.