തൃശൂർ: അഞ്ചുവർഷം മുന്പ് അപേക്ഷ നല്കിയ കെട്ടിടത്തിൽ പൂർണമായി വൈദ്യുതിയെത്തിയില്ല. സാങ്കേതികത്വം പറഞ്ഞ് ഒരുതവണ ഫ്യൂസ് ഊരുകയും ചെയ്തു. ഇതിനിടെ മൂന്നുതവണയായി 135 ദിവസം നിരാഹാര സമരം അനുഷ്ഠിക്കേണ്ടിവന്ന വ്യവസായിക്കു മരത്തിൽ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കേണ്ടിവന്നു.- ന്യൂഇയർ കന്പനി ഉടമ എം.എം. പ്രസാദ് ഇന്നും പോരാട്ടത്തിന്റെ വഴിയിലാണ്. കഴിഞ്ഞ ആഴ്ചയിലെ ആത്മഹത്യാസമരത്തിനിടെ തഹസിൽദാർ, പോലീസ്, കെഎസ്ഇബി അധികൃതർ നല്കിയ ഉറപ്പിലും, കോടതികളിൽ തുടർന്നുവരുന്ന കേസുകളിലും മാത്രമാണ് പ്രസാദിന്റെ പ്രതീക്ഷ.
2014-ലാണ് പ്രസാദ് വിവിധ കന്പനികൾ തുടങ്ങുന്നതിനായി അങ്കമാലി കറുകുറ്റി കേബിൾനഗറിലെ കെട്ടിടം വാടകയ്ക്കെടുത്തത്. പ്രത്യേകം ഡോർ നന്പറും പ്രത്യേകം അക്കൗണ്ടുകളുള്ള കന്പനികളുമായിരുന്നു ലക്ഷ്യം. കെട്ടിടത്തിലെ സന്പൂർണ വൈദ്യുതീകരണത്തിനായി അപേക്ഷ നല്കി. നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിന്റെ ഭാഗമായി പ്രാഥമിക കണക്്ഷൻ നല്കിയപ്പോൾ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിരുന്നതായി പ്രസാദ് പറയുന്നു. പിന്നീട് പലപ്പോഴായി പല കാരണങ്ങൾ പറഞ്ഞ് വൈദ്യുതീകരണം മുടക്കുകയായിരുന്നു.
ഇതിനിടെ ഒരു കോടിയിലേറെ രൂപ മുടക്കി പ്രവൃത്തികൾ കെട്ടിടത്തിൽ പൂർത്തിയാക്കി. വയറിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ പ്രത്യേകം ട്രാൻസ്ഫോർമർ വേണ്ടെന്നു പറഞ്ഞ അധികൃതർ പിന്നീടു വേണമെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ നിർബന്ധമില്ലെന്നായി. ഇതിനിടെ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ കണക്്ഷൻ ലഭിക്കാൻ മാസങ്ങളോളം നടക്കേണ്ടിവന്നു.
അന്നത്തെ എക്സിക്യൂട്ടിവ് എൻജിനീയർ ഒരുപാട് നടത്തിച്ചു. കാണേണ്ട വിധത്തിൽ കാണാത്തതാണ് പ്രശ്നത്തിനു കാരണമെന്നു പിന്നീടറിഞ്ഞു. പക്ഷേ, അതിനു തയാറാകാത്തതാണ് വർഷം അഞ്ചു പിന്നിട്ടിട്ടും വൈദ്യുതീകരണം സന്പൂർണമാക്കാൻ കഴിയാത്തതെന്നും പ്രസാദ് പറയുന്നു. ഇതിനിടെ സ്ഥലംമാറിപ്പോയ എൻജിനീയർ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു പ്രത്യേക നോട്ട്സ് എഴുതിവച്ചതാണ് പിന്നീടുവന്ന ഉദ്യോഗസ്ഥരെ പിന്തിരിപ്പിച്ചതെന്നും പ്രസാദ് പറഞ്ഞു.
ഇതിനിടെ പല ഉന്നതാധികാരികളും പ്രശ്നങ്ങൾ തീർപ്പാക്കണമെന്ന് എൻജിനീയറോടു നിർദേശിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് അപ്പലേറ്റ് അഥോറിറ്റികളിൽ പരാതികൾ സമർപ്പിച്ചത്. അവിടെ നിന്നെല്ലാം അനുകൂല നിലപാടാണുണ്ടായത്. പരാതി പരിഹരിച്ച് എത്രയും പെട്ടെന്നു വൈദ്യുതി കണക്്ഷൻ അനുവദിക്കണമെന്ന് ഉന്നത നിർദേശമുണ്ടായിട്ടും പിന്നീട് അതേ കസേരയിൽ തിരിച്ചെത്തിയ എൻജിനീയർക്കു കുലുക്കമുണ്ടായില്ല. അതുകൊണ്ടാണ് 110 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം മരത്തിൽ കയറി സമരം നടത്തേണ്ടിവന്നത്.
കെട്ടിടത്തിലെ വൈദ്യുതീകരണ നൂലാമാലകൾ ഇപ്പോഴും തുടരുകയാണ്. അധികൃതർ ഇടയ്ക്കെത്തി ഇൻസ്പെക്്ഷൻ നടത്തും. ഇല്ലാത്ത ചാർജുകളെഴുതും. അമിതഫൈനും ചുമത്തും. ഇതിലെല്ലാം സഹികെട്ടാണ് സമരം തുടരേണ്ടിവരുന്നത്. അപ്പലേറ്റ് അഥോറിറ്റികളിൽ പ്രതീക്ഷയുണ്ടെന്നും ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് തന്നെപ്പോലുള്ള സംരംഭകരെ ആത്മഹത്യകളിലേക്കു തള്ളിവിടുന്നതെന്നും പ്രസാദ് പറഞ്ഞു.