തെറ്റുകളും അബദ്ധങ്ങളും സംഭവിക്കാത്തവരായി ആരുമില്ല. ഇത് മനസിലാക്കി തിരുത്തി പ്രായ്ച്ഛിത്തം ചെയ്യ്ത് വീണ്ടും ആവർത്തിക്കാതിരിക്കുവാൻ ശ്രമിക്കുമ്പോഴാണ് ഓരോരുത്തരും മനുഷ്യരാകുന്നത്.
എന്നാൽ തന്റെ ഭാഗത്തു നിന്നുണ്ടായ ഒരു വീഴ്ച്ചയുടെ പ്രതിഫലമായി സമൂഹത്തിന്റെ പരിഹാസ ചിരിയേറ്റ് പൊള്ളുകയാണ് പ്രവാസി മലയാളിയായ മുജീബ് എന്ന യുവാവ്.
2014 റമസാനിൽ നാട്ടിൽ അവധിക്കു വന്ന സമയത്താണ് മുജീബിന്റെ ജീവിതത്തിലെ ആ കറുത്ത ദിനം. പെരുന്നാളിന് വസത്രമെടുക്കുവാനായി സുഹൃത്തിന്റെ കടയിൽ എത്തിയപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അദ്ദേഹം ഉമ്മയേയും ഒപ്പം കൂട്ടിയിരുന്നു.
ഭാര്യയ്ക്കും കുട്ടികൾക്കും വസ്ത്രം വാങ്ങിയ മുജീബ് അമ്മയ്ക്ക് വസ്ത്രം വാങ്ങിയില്ല. പണം നൽകുവാനായി ഉടമയുടെ അടുക്കലെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു ഉമ്മയ്ക്ക് വസ്ത്രം എടുക്കുന്നില്ലെയെന്ന്. ഉമ്മയ്ക്ക് എന്തിനാണ് ഞാൻ വസ്ത്രം എടുക്കുന്നത്. .
അതിന് വേറെയും മക്കളുണ്ടല്ലോ എന്നായിരുന്നു ഈ ചോദ്യത്തിന് മുജീബ് മറുപടി നൽകിയത്. കുട്ടികളുടെ കൈപിടിച്ച് നടക്കുവാനാണ് ഉമ്മയെ കൂടെ കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കടയുടമയുടെ വായയിൽ നിന്നും ഈ സംഭവം ചോർന്നു. നവമാധ്യമങ്ങളിലൂടെ ഇത് ലോകം ചർച്ച ചെയ്തു. ഉമ്മയ്ക്ക് പെരുന്നാൾ വസ്ത്രം വാങ്ങാത്ത മകൻ എന്ന പേരും മുജീബിനു വീണു. ഈ പേരും പറഞ്ഞ് നിരവധിയാളുകൾ അദ്ദേഹത്തെ കളിയാക്കാനും തുടങ്ങി.
ഇതിൽ സഹികെട്ട് മുജീബ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. അറിവില്ലായ്മകൊണ്ട് ചെയ്ത തെറ്റിന്റെ പേരിൽ കഴിഞ്ഞ നാലു വർഷങ്ങളായി ഞാൻ അപഹസ്യനായിക്കൊണ്ടിരിക്കുകയാണെന്നാണ് മുജീബ് പറയുന്നത്.
എവിടെ ചെന്നാലും ആളുകൾ നോക്കി ചിരിക്കുകയാണ്. കുട്ടികൾ കളിയാക്കുന്നു. പ്രായ്ചിത്തമായി അതിനു ശേഷമുള്ള രണ്ടു പെരുന്നാളിനും ഉപ്പായ്ക്കും ഉമ്മായ്ക്കും മൂന്ന് ജോടി വസ്ത്രം നൽകുന്നുണ്ട്.
ഇതെല്ലാം ഞാൻ ഫേസ്ബുക്കിൽ കൂടി അറിയിച്ചു. എങ്കിലും എനിക്കു നേരെയുള്ള പരിഹാസം കുറഞ്ഞിട്ടില്ല. നാലു വർഷം മുമ്പ് ചെയ്ത തെറ്റിന് ഇനിയുമെന്നെ ശിക്ഷിക്കരുത്. അടുത്ത റമസാനിലെങ്കിലും അത് നിർത്തണമെന്ന് അപേക്ഷിക്കുന്നു. അറിവില്ലായ്മയിൽ നിന്നും വലിയൊരു പാഠം പഠിച്ച തനിക്ക് ഇനിയെങ്കിലും ആളുകൾ മാപ്പ് നൽകുമെന്നാണ് മുജീബിന്റെ വിശ്വാസം.