തലശേരി: നഗരമധ്യത്തിലെ പ്രവാസിയുടെ വീട്ടിൽനിന്നു പത്ത് ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസ് കവർന്ന തമിഴ് നാട് സ്വദേശി അറസ്റ്റിൽ.
സേലം കൽത്താനം സ്വദേശിനി വിജയലക്ഷ്മി (40) യെയാണ് തലശേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ചിറക്കര മറ ഹൗസിൽ രേഷ്മ സാജിതിന്റെ ഡയമണ്ട് നെക്ലേസാണ് കവർന്നത്.
രേഷമയുടെ വീട്ടിൽ ജോലിക്കു വന്നിരുന്ന വിജയലക്ഷ്മിയെ വീട്ടുകാരും പോലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് വലയിലാക്കിയത്.
കുളിക്കാൻ കയറിയപ്പോൾ കിടപ്പു മുറിയിൽ അഴിച്ചു വച്ച നെക്ലേസ് രേഷ്മ എടുത്തണിയാൻ ശ്രമിക്കുന്നതിനിടയിൽ നിലത്തു വീഴുകയും കട്ടിലിനിടയിലേക്ക് തെറിച്ചു പോകുകയും ചെയ്തു.
കട്ടിൽ നീക്കി നെക്ലേസ് എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പിന്നെ എടുക്കാമെന്ന് കരുതിയ രേഷ്മ ഇക്കാര്യം മറന്നു പോകുകയും ചെയ്തു.
ഇന്നലെ കുടുംബാംഗങ്ങളോടൊത്ത് എറണാകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് നെക്ലേസിന്റെ കാര്യം ഓർമവന്നത്.
വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ നെക്ലേസ് എടുത്തതിന് ശേഷം യാത്ര മതി എന്ന ധാരണയിൽ വീട്ടിൽ എത്തി കട്ടിൽ നീക്കി നോക്കിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടു എന്ന് മനസിലാകുന്നത്.
വീട്ടിൽ ഈ ദിവസങ്ങളിൽ വിജയലക്ഷ്മി മാത്രമേ വന്നിട്ടുള്ളൂ എന്ന് മനസിലാക്കിയ രേഷ്മ അവരെ വിളിച്ചെങ്കിലും നാട്ടിലേക്ക് പോകുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
രണ്ടാമത് വിളിച്ച് രണ്ട് സാരിയുണ്ട് നാട്ടിൽ പോകുമ്പോൾ കൊണ്ട് പൊക്കോളൂ എന്ന് പറഞ്ഞതോടെ പ്രതി രേഷ്മയുടെ വീട്ടിൽ എത്തുകയായിരുന്നു.
ഇതിനിടയിൽ സ്ഥലത്തെത്തിയ എസ്ഐ സജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിജയലക്ഷ്മിയെ ചോദ്യം ചെയ്തു കുറ്റം തെളിയിക്കുകയായിരുന്നു. തുടർന്ന് ആഭരണമടങ്ങിയ ബാഗ് നഗരത്തിലെ ഒരു കടവരാന്തയുടെ സമീപത്തു നിന്നും കണ്ടെടുത്തു.