ഏറ്റുമാനൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച പകൽ മോഷണം നടന്നത്. മാല, വള, കമ്മൽ തുടങ്ങി 40 പവനിലധികം വരുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് കവർന്നത്.
രാവിലെ 10ന് വീടുപൂട്ടി പുറത്തു പോയ കുടുംബാംഗങ്ങൾ രാത്രി എട്ടിന് തിരികെ എത്തുമ്പോഴാണ് വിവരം അറിയുന്നത്. അലമാര പൂട്ടി ബെഡിന് അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ തപ്പിയെടുത്താണ് ആഭരണങ്ങൾ കവർന്നത്.
മോഷണത്തിനു ശേഷം താക്കോൽ സെറ്റിയിൽ വച്ചിട്ടാണ് പോയത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമേ മോഷ്ടാക്കൾ പരിശോധിച്ചിട്ടുള്ളൂ.
സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും സ്വർണ, വജ്ര ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ജേക്കബിന്റെ കാനഡയിൽ ജോലി ചെയ്യുന്ന മകൻ അഭി ജേക്കബിന്റെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടിയുടെയും മകന്റെ ഭാര്യ അലീനയുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ജേക്കബും ഭാര്യയും അടുത്ത മാസം ആദ്യം ഓസ്ട്രേലിയയിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ ഇവരുടെ സ്വർണാഭരണങ്ങൾ മറ്റൊരു ലോക്കറിൽ വയ്ക്കുന്നതിനു വേണ്ടി കഴിഞ്ഞദിവസം ലോക്കറിൽ നിന്നെടുത്ത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഫോറൻസിക് വിഭാഗം ഇന്ന് പരിശോധന നടത്തും. കാര്യമായി വിരലടയാളങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണത്തിന് സഹായകമായ രീതിയിൽ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. സമാന രീതിയിൽ കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഡിവൈഎസ്പി കെ.ജി. അനീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.