വിതുര : കൊറോണക്കാലത്ത് പ്രവാസികൾക്ക് കരുതലൊരുക്കി കെ.എസ്.ശബരീനാഥൻ എംഎൽഎ. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അരുവിക്കര നിയോജകമണ്ഡലത്തിലെ പ്രവാസികൾക്കാണ് മടക്ക യാത്രയ്ക്ക് എംഎൽഎയുടെ സഹായ ഹസ്തമെത്തുന്നത്.
അരുവിക്കരയിലെ പത്തോളം പേർക്ക് ടിക്കറ്റ് എടുത്തു നൽകുകയാണ് എംഎൽഎയുടെ പദ്ധതി. ഇതിന്റെ ഭാഗമായി തൊളിക്കോട് സ്വദേശിയായ സജാദിനായിരുന്നു എംഎൽഎ ആദ്യ ടിക്കറ്റിനുള്ള സഹായമെത്തിച്ചത്.
ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനത്തിൽ സജാദ് നാട്ടിലെത്തി. ഖത്തറിലായിരുന്ന സജാദ് വിദേശത്ത് എത്തി ഒന്നരം മാസം കഴിഞ്ഞപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ ഇരു കാലുകൾക്കും ഒടിവ് സംഭവിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മടക്ക യാത്രയ്ക്കുള്ള ആദ്യ ടിക്കറ്റ് സജാദിന് നൽകാൻ തീരുമാനിച്ചതെന്ന് എംഎൽഎ അറിയിച്ചു. പരസഹായം ഇല്ലാതെ നടക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിയ സജാദിന് അടൂർ പ്രകാശ് എംപിയുടെ ഇടപെടലിൽ ഖത്തർ ഇൻകാസിന്റെ നേതൃത്വത്തിൽ മരുന്നും മറ്റുമടക്കമുള്ള സഹായവും വിദേശത്തു ലഭിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സജാദ് ഇപ്പോൾ തൊളിക്കോടുള്ള വീട്ടിൽ വിശ്രമത്തിലാണ്. അരുവിക്കര മണ്ഡലത്തിലെ പത്തോളം പ്രവാസികൾക്ക് ടിക്കറ്റ് എടുത്തു നൽകാനാണ് തീരുമാനമെങ്കിലും സുമനസുകളുടെ സഹായത്തോടെ അതിലധികം പേർക്ക് ടിക്കറ്റ് എടുത്തു നൽകാനുള്ള പരിശ്രമങ്ങൾ നടത്തുകയാണെന്നും ശബരീനാഥൻ എംഎൽഎ അറിയിച്ചു.