കോഴിക്കോട്: പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെ(38) രാത്രി വീട്ടിൽനിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ഷാഫിയെ തട്ടിക്കൊണ്ടുപോയത് വെള്ളക്കാറിലാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. നമ്പര്‍ വ്യക്തമല്ല. പ്രവാസിയെ തട്ടിക്കൊണ്ടുപോയത് വയനാട്ടിലേക്കാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്.
ഷാഫിയും തട്ടിക്കൊണ്ടുപോയവരും തമ്മിൽ ഹവാല ഇടപാടുകൾ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഷാഫിക്ക് സൗദിയിൽ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഹവാല പണമിടപാടിൽ കൂട്ടാളികൾക്ക് പണം നൽകാതെ കബളിപ്പിച്ചുവെന്നുമാണ് ഇവരുടെ മൊഴി.
ഇക്കാരണത്താലാണ് ഒരു മാസം മുൻപ് കൊടുവള്ളി സ്വദേശി സാലിയും കൂട്ടാളികളും ഷാഫിയെ വീട്ടിലെത്തിഭീഷണിപ്പെടുത്തിയത്. ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരിൽ രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.
ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊടുവള്ളിയിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻപ് പിടിയിലായ സംഘങ്ങൾക്കും ഈസംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പരപ്പന്‍ പൊയില്‍ കുറുന്തോട്ടി കണ്ടിയില്‍ ഷാഫിയെയും ഭാര്യ സെനിയയെയും സംഘം തട്ടികൊണ്ടുപോയത്.
വീട്ടില്‍നിന്നു പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പാതിവഴിയില്‍ വച്ച് സെനിയയെ ഇറക്കിവിട്ടു. മുഖംമൂടി ധരിച്ചവരാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇവര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.