കൊല്ലം: ബഹ്റിനിൽ നിന്നെത്തിയ ജില്ലയിലെ 11 പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലാക്കി. രാത്രിയിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ പ്രത്യേക വാഹനത്തിൽ പുലർച്ചെയോടെയാണ് കൊല്ലത്തെത്തിച്ചത്.പ്രത്യേകം സജ്ജമാക്കിയ നഗരത്തിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇവരെ പാർപ്പിക്കുന്നത്.
ഒരാഴ്ച സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ ശേഷം ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.ഇവരോടൊപ്പമെത്തിയ മറ്റൊരാളെ അർബുദ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് വിമാനങ്ങളിലായി ജില്ലയിലുള്ള 19 പേർ എത്തുമെന്നാണ് ഡിഎംഒയ്ക്ക് ലഭിച്ച വിവരം. എത്തിയപ്രവാസികളാർക്കും തന്നെ കോവിഡ് ബാധയില്ലാത്തത് ആശ്വാസം പകരുന്നു.
ജില്ലയിൽ നിലവിൽ മൂന്നു കോവിഡ് രോഗികളാണുള്ളത്.ഇവർ ഉടൻ തന്നെ ആശുപത്രി വിടും.കഴിഞ്ഞ ഒമ്പത് ദിവസമായി ജില്ലയിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകളില്ല. ഇന്നലെ വരെ 20091 പേരാണ് ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയത്.
1341 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 34 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഒരാഴ്ചയായി എല്ലാ ഫലവും നെഗറ്റീവാണെന്നതും ആശ്വാസം പകരുന്നു.