കോട്ടയം: മേയ് ഏഴു മുതൽ ഇന്നലെവരെ ജില്ലയിൽ എത്തിയതു 134 പ്രവാസികൾ. ഇതിൽ 71 പുരുഷൻമാരും 63 സ്ത്രീകളും ഉൾപ്പെടുന്നു.അബുദാബി-കൊച്ചി, ദുബൈ – കോഴിക്കോട്, ബഹറിൻ – കൊച്ചി, റിയാദ് -കോഴിക്കോട്, മസ്കറ്റ് – കൊച്ചി, കുവൈറ്റ് – കൊച്ചി, ദോഹ – കൊച്ചി എന്നീ സർവീസുകളിലൂടെയാണ് ഇവർ എത്തിയത്.
ഇതിൽ 62 പേരും വീടുകളിൽ സന്പർക്കമൊഴിവാക്കി താമസിക്കുന്നു. ഗർഭിണികൾ, 75 വയസിനു മുകളിലുള്ളവർ, 10 വയസിൽ താഴെയുള്ള കുട്ടികൾ തുടങ്ങി ഇളവുകൾ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരാണ് തിരിച്ചെത്തിയവർ. കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നത് 33 പേരാണ്. എല്ലാവരും കോട്ടയം കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്ററിലാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇന്നലെ വരെ ജില്ലയിലേക്കു മടങ്ങി വന്നത് 1229 പേർ. ജില്ലാ ഭരണകൂടം 2008 പാസുകളാണ് നൽകിയത്.1109പേർ ഓണ്ലൈനിൽ അപേക്ഷ നൽകി പാസിനായി കാത്തിരിക്കുന്നു. നിലവിൽ തമിഴ് നാട്, കർണാടക അതിർത്തി സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ജില്ലയിൽ എത്തിപ്പെട്ടവരിൽ ഏറെപ്പേരും.
ജോലി നഷ്ടപ്പെട്ടതിനാൽ ഒരു മാസമായി വരുമാനമില്ലാതെ ജീവിതം വഴിമുട്ടിയവരാണ് ഇത്തരത്തിൽ എത്തുന്നവരിൽ ഏറെയും. കുട്ടികൾ ഉൾപ്പെടെ രണ്ടും മൂന്നും ദിവത്തെ നരകയാതന അനുഭവിച്ചാണ് ഇതര സംസ്ഥാന മലയാളികൾ അതിർത്തിയിലെത്തി തന്പടിക്കുന്നത്. പകൽച്ചൂടും കനത്തമഴയും അനുഭവിച്ച് രാവും പകലും അതിർത്തിയിൽ കാത്തുനിൽക്കേണ്ട സാഹചര്യമാണ്.
ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് സ്വകാര്യവാഹനങ്ങളിൽ പുറപ്പെട്ട ഒട്ടേറെപ്പേർ ഇന്നും നാളെയുമായി സംസ്ഥാന അതിർത്തികളിലെത്തും. ഏങ്ങനെയും നാട്ടിലെത്താൻ പലായനം ചെയ്തുവരുന്ന ഇവരിൽ പലർക്കും അതിർത്തി കടന്നുവരാനുള്ള പാസ് ഇല്ലെന്നാണ് സൂചന.
തുണിക്കന്പനികൾ, ചെമ്മീൻഫാക്ടറികൾ, ഐടി ഇലക്്ട്രിക്കൽ കന്പനികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് ഏറെപ്പേരും ജോലി തേടിയിരുന്നത്. ഇവ അനിശ്ചിതകാലത്തേക്ക് അടഞ്ഞ സാഹചര്യത്തിൽ വരുമാനം നഷ്ടമായി. അടുത്തയാഴ്ച സ്പെഷൽ ട്രെയിനുകൾ ഓടിക്കാനുള്ള സാഹര്യമുണ്ടായാൽ വരവ് കണക്കുകൂട്ടലിന് ഏറെ ഉയരെയായിരിക്കും.
ആദ്യട്രെയിൻ ഡൽഹിയിൽനിന്ന് ആരംഭിക്കാനിരിക്കെ പതിനായിരത്തിലേറെ മലയാളികളാണ് തലസ്ഥാനത്തു നിന്നു കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ മാത്രം എട്ട് ട്രെയിനുകൾ വേണ്ടിവരും. മഹാരാഷ്്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന് അടിയന്തരമായി മലയാളികളെ എത്തിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് ആ സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽനിന്നാണ് ഇതര സംസ്ഥാനത്തു നിന്നു ജോലി നഷ്ടപ്പെട്ട് ഏറെപ്പേർ മടങ്ങിവരുന്നത്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലേക്ക് വിദ്യാർഥികളാണ് മടങ്ങാൻ താൽപര്യപ്പെടുന്നത്. പശ്ചിമ ബംഗാളിലേക്ക് ട്രെയിൻ ഓടിക്കാൻ അനുമതി നിഷേധിച്ചതിനാൽ കോൽക്കട്ടയിൽ നിന്നുള്ള ഒട്ടേറെപ്പേർ നാട്ടിലെത്താനാവാതെ ദുരിതപ്പെടുന്നു.