തലശേരി: പ്രവാസികളെ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രവാസികളുടെ കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും മനുഷ്യത്വം പരിഗണിക്കണമെന്നും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസലോകത്തെ വ്യവസായ പ്രമുഖനും തലശേരി ഏരിയാ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റുമായ അബ്ദുള്‍ ലത്തീഫ് കെഎസ്എ.
തന്റെ ഫെയ്സ് ബുക്ക് പേജിലൂടേയാണ് പ്രവാസികളോടുള്ള രാഷ്ട്രീയ നേതാക്കളുടെ നിലപാടുകളെക്കുറിച്ച് അബ്ദുള്‍ ലത്തീഫ് പ്രതികരിച്ചത്. അബ്ദുള്‍ ലത്തീഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നവ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അവകാശങ്ങളെല്ലാം അറിഞ്ഞു കൊണ്ട് വേണ്ടായെന്ന് വയ്ക്കുന്നവരാണ് പ്രവാസികള്‍.
സ്നേഹമുള്ള വാക്കുകളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പ്രവാസ ലോകത്ത് മരിച്ചു വീണവര്‍ക്ക് വേണ്ടി ഒരു അനുശോചന വാക്ക് പോലും കണ്ടില്ല. മരിച്ചുവീണ പ്രവാസികളുടെ കുടുംബത്തിന് ധനസഹായം വേണമെന്ന ആവശ്യത്തോട് കേരളത്തിലെ ഒരു മന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചു.
പ്രവാസി തോറ്റിട്ടില്ല തോല്‍ക്കുകയുമില്ല… അബ്ദുള്‍ ലത്തീഫ് കുറിക്കുന്നു.. ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നുള്ള ഭാഗങ്ങൾ ചുവടെ… “ഖേദകരം എന്നു പറയട്ടെ ഈ കോവിഡ് കാലത്തെ പ്രവാസിയുടെ പ്രശ്നം മനസിലാക്കാൻ നമ്മുടെ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ശ്രമിച്ചില്ല എന്നു തന്നെ പറയാം.
പ്രവാസിക്ക് പ്രതീക്ഷ ഇവിടെ ഉള്ള മുഴുവൻ രാഷ്ട്രീയ നേതാക്കളിലും ഉണ്ട്. മാറി വരുന്ന ഗവൺമെന്റ് നാടിനു വേണ്ടി നാടിന്റെ ജനങ്ങൾക്കു വേണ്ടി എന്ത് ചെയ്യണം ആരൊക്കെയാണ് നാടിന്റെ ജനത എന്ന കാര്യം ആദ്യം പഠിക്കണം. അറിയാമായിരിക്കും, പക്ഷെ ആ അറിവ് പല വേദിയിലും കണ്ടില്ല.
പ്രവാസി നാടിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കികൊണ്ടു സ്വന്തം കുടുംബബന്ധം, സ്നേഹം എല്ലാം തത്കാലം മാറ്റി വെച്ചു കൊണ്ടു അന്യ നാട്ടിൽ പോയി അധ്വാനിക്കുന്ന ഒരു വിഭാഗം മാത്രമാണ്. അവർക്ക് അവരുടെ നാടിന്റെ ഗവൺമെന്റ് ഓരോ വ്യക്തിക്കും കൊടുക്കുന്ന എല്ലാ അവകാശങ്ങൾക്കും അർഹത ഉള്ളവരാണ്.
പ്രവാസിക്ക് ഒരു പ്രത്യേകത ഉണ്ട് – ഏത് അവകാശവും അറിഞ്ഞു കൊണ്ടു വേണ്ടാന്നു വയ്ക്കുന്നവരാണ്. പക്ഷെ അവർ പ്രതീക്ഷിക്കുന്ന ഒരു കാര്യം സ്നേഹമുള്ള വാക്കുകളാണ്. ഇന്നുവരെ അന്യ നാട്ടിൽ മരിച്ചു വീണ പ്രവാസികൾക്കായി ഒരു അനുശോചനം നടത്തിയതായി കണ്ടില്ല, മറക്കാം.
പക്ഷെ കഴിഞ്ഞ ദിവസം അവർക്ക് ധനസഹായം ചെയ്യണമെന്ന് ഒരു വ്യക്തി പറഞ്ഞപ്പോൾ ചാനലിൽ നമ്മുടെ ബഹുമാനപ്പെട്ട ഒരു മന്ത്രി കൊടുത്ത മറുപടി കേട്ടു, ആ കാര്യമാണ് ഈയുള്ളവനെ ഈ മെസേജ് എഴുതാൻ പ്രേരിപ്പിച്ചത്.
ആ ഉത്തരം മാന്യമായ രീതിയിൽ എത്രയോ ഭംഗിയായി കൊടുക്കാമായിരുന്നു. പ്രവാസിക്ക് പരാതി ഉണ്ടാവില്ലായിരുന്നു, പക്ഷെ ഇവിടെ കെട്ടിവെച്ചിനോ എന്ന ചോദ്യം ഇത്രയും രാഷ്ട്രീയ എക്സ്പീരിയൻസ് ഉള്ള ഒരു മന്ത്രി പറഞ്ഞതിൽ പ്രവാസികളെ കരയിപ്പിക്കാൻ മാത്രം വിഷമകരമായി എന്നുള്ളതാണ് സത്യം. അതു വേണ്ടായിരുന്നു, ഒഴിവാക്കാമായിരുന്നു ആ മറുപടി.
പ്രവാസികൾക്കു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു കളക്ടറേറ്റിൽ ധർണ നടത്തിയ വെയ്ക്ക് എന്ന കണ്ണൂർ പ്രവാസികളുടെ കൂട്ടായ്മയുടെ കൂടെ ഈയുള്ളവനും ഉണ്ടായിരുന്നു. ഇന്നു പ്രവാസികൾ കേരളത്തിന്റെ പല ഭാഗങ്ങളിലും അനുഭവിക്കുന്ന ഒറ്റപ്പെടലിനു ഒരു പരിധി വരെ നമ്മുടെ ഭരണകൂടം ഉത്തവാദികളല്ലേ എന്ന ഒരു ചിന്ത ഇല്ലാതെയില്ല.
ജീവനൊടുക്കിയവരിൽ പലരും ഈ ഒറ്റപെടുത്തലിന്റെ ഭാരം താങ്ങാനാവാത്തതിലാണെന്നു ചിന്തിക്കാതിരിക്കാൻ എന്തെങ്കിലും ന്യായം ഉണ്ടെങ്കിൽ പറയാം. ലക്ഷകണക്കിന് പ്രവാസികൾ നാട്ടിൽ വരാൻ നോർക്ക എംബസി എന്നു വേണ്ട പല സംഘടനകളിലും പേര് രജിസ്റ്റർ ചെയ്തുകാത്തിരുന്നവർ ഇന്ന് അവരുടെ യാത്ര റദ്ദാക്കി അവരുടെ പ്രവാസ ലോകത്ത് ഒതുങ്ങി ജീവിക്കാൻ തയാറെടുക്കുകയാണ്.
പ്രവാസി തോറ്റിട്ടില്ല. തോൽക്കുകയുമില്ല, അതിജീവിക്കും. ഈ പ്രവാസികൾ തിരിച്ചു വരും. പൂർണ ഊർജസ്വലരായി. അപ്പോൾ ഉളുപ്പ് എന്നൊന്നുണ്ടെങ്കിൽ പ്രവാസികൾ കെട്ടി വെച്ചതിൽ നിന്നു പ്രാരാബ്ദം പറഞ്ഞു കാര്യങ്ങൾ നേടാൻ ഒരുളുപ്പ് തോന്നണം ഈ പറഞ്ഞവർക്ക് ‘.