കൊച്ചി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽനിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി എറണാകുളം ജില്ലാ ഭരണകൂടം.
നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാത്രി 9.40 ന് കൊച്ചി വിമാനത്താവളത്തിലെത്തും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിൽനിന്നുള്ളവർ.
തൃശൂർ സ്വദേശികളാണ് എത്തുന്നവരിൽ കൂടുതൽപേരും. 73 പേരാണു തൃശൂർ സ്വദേശികളായുള്ളത്. പാലക്കാട് – 13, മലപ്പുറം – 23, കാസർകോട് – ഒന്ന്, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – എട്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽനിന്നുള്ളവരുടെ കണക്ക്.
ഇവരെ വിമാനത്താവളത്തിൽനിന്നും അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റൈൻ നിശ്ചയിച്ചിട്ടുള്ളത്.
കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരനും തത്ക്കാലം എറണാകുളത്താണ് ക്വാറന്റൈൻ. കളമശേരിയിലെ എസ്സിഎംഎസ് ഹോസ്റ്റലിലാണു ജില്ലയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ ഒരുക്കിയിട്ടുള്ളത്.