കൊച്ചി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മാലിദ്വീപില്‍ നിന്ന് 750 യാത്രക്കാരുമായുള്ള നാവികസേനയുടെ ആദ്യ കപ്പല്‍ 10ന് കൊച്ചിയിലെത്തും.
പ്രവാസിസംഘം മടങ്ങിയെത്തുന്നതിനോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും കൊച്ചി തുറമുഖത്ത് പൂര്‍ത്തിയായി. തുറമുഖത്തിന്റെ ചുമതലയുള്ള കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി വിയജ് സാഖറെ, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ ക്രൂയിസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.
ജില്ലാ ഭരണകൂടം, പോലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സിഐഎസ്എഫ്, പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന്, ഇമിഗ്രേഷന്‍, ഇന്ത്യന്‍ നേവി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇരുവരും ചര്‍ച്ച നടത്തി.
തുറമുഖം വഴി സ്വദേശത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് തടസ രഹിതമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം.ബീന മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
പ്രഥാമിക പരിശോധനകള്‍ക്ക് ശേഷമാകും യാത്രക്കാരെ പുറത്തിറക്കുക. കപ്പലിനുള്ളില്‍ തന്നെ നാവികസേനയുടെ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടക്കും.
രോഗലക്ഷണങ്ങള്‍ സ്ഥിരീകരിക്കുന്നവരെയാകും ആദ്യം കപ്പലില്‍ നിന്നു പുറത്തിറക്കുക. ഇവരെ കപ്പല്‍ ശാലയില്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കാവും മാറ്റുക. ഇതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പുറത്തിറങ്ങുന്ന ഓരോ യാത്രക്കാര്‍ക്കും പോര്‍ട്ടിന്റെ ആരോഗ്യ വിഭാഗം സ്വയം പ്രഖ്യാപന ഫോം നല്‍കും. രോഗവിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫോം ആണിത്. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബിഎസ്എന്‍എല്‍ സിം നല്‍കും.
ടെര്‍മിനലില്‍ ഇറങ്ങുന്ന എല്ലാ പ്രവാസികളും ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം ഉണ്ട്. ക്ലിയറന്‍സ് നടപടികള്‍ക്ക് ശേഷം ഇമിഗ്രേഷന്‍, കസ്റ്റംസ് ചെക്കിംഗുകള്‍, ബാഗേജ് സ്കാനിംഗ് തുടങ്ങിയവ ഉണ്ടാകും.
പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസ് സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 30 പേര്‍ക്കുമാത്രമാണ് ഒരു ബസില്‍ പ്രവേശനം. ഓര്‍ഗനൈസേഷനുകളും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ച് സ്വന്തം വാഹനങ്ങളിലും യാത്രക്കാര്‍ക്ക് വീടുകളിലേക്ക് പോകാം