തൃശൂർ: കോവിഡ് ഭീതിയിൽ വിദേശത്തുനിന്നും തിരിച്ചെത്തിയ മലയാളികളോടു കടുത്ത അവഗണനയാണ് സംസ്ഥാന സർക്കാർ പുലർത്തുന്നതെന്നു ടി.എൻ. പ്രതാപൻ എംപി ആരോപിച്ചു.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മതിയായ സൗകര്യമൊരുക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു. ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്കു നെടുന്പാശേരി വിമാനത്താവളത്തിൽനിന്നും ആളുകളെ എത്തിച്ചതു മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ്.
ദുബായിൽനിന്നും നെടുന്പാശേരിയിൽ പതിനൊന്നിനു രാത്രി വൈകി എത്തിയ ആളുകളെ ഡിവൈൻ കേന്ദ്രത്തിൽ എത്തിച്ചശേഷം ഒരു ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കിയില്ല.
വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്കു ബിഎസ്എൻഎല്ലിന്റെ സിം കാർഡ് നൽകുമെന്ന ഏക വാഗ്ദാനം പോലും നിറവേറ്റാൻ സർക്കാരിനു കഴിഞ്ഞില്ല.
പോട്ടയിലെ ക്വാറന്റൈൻ കേന്ദ്രത്തിലെ ഒരു പ്രവാസിക്കു ചാവക്കാട് താലൂക്കിൽപെട്ട വീട്ടിൽ നിന്നും മൊബൈൽ സിം എത്തിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടതെന്നും ഇതു നീതികരിക്കാനാവില്ലെന്നും എംപി പ്രസ്താവനയിൽ പറഞ്ഞു.