കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ കിഴക്കേനടയ്ക്ക് മുന്നിൽ രണ്ടു മണിക്കൂർ നടന്ന 101 കലാകാരന്മാരുടെ മേളപ്പകർച്ച ഭക്തർക്ക് വേറിട്ട അനുഭവമായി.
ഏഴ് അക്ഷരകാലത്തിന്റെ മേളമായ അടന്തയിലാണ് അരങ്ങൊരുക്കിയത്. കൊമ്പ്, കുഴൽ, ചെണ്ട, വലംതല ചെണ്ട, ഇലത്താളം എന്നീ വാദ്യ കലകളുടെ അകമ്പടിയോടെ അടന്ത കൊട്ടിക്കയറി. പ്രചാരത്തിൽ പിന്നിലാണെങ്കിലും പ്രത്യേക ഇമ്പം തരുന്ന അടന്ത പ്രഭാത ചടങ്ങുകൾക്ക് മാത്രമാണ് കൊട്ടാറ്. അതുകൊണ്ടുതന്നെയാണ് പ്രഭാതത്തിൽ ഗണപതി ക്ഷേത്രത്തിലെ മേളത്തിന് ഇത് തെരഞ്ഞെടുത്തത്.
സോപാനം ഗുരു സന്തോഷ് കൈലാസാണ് മുഖ്യ മേളപ്രമാണി. കൊമ്പ് പ്രമാണി കൊരയങ്ങാട് സാജു, കുഴൽ പ്രമാണി കാഞ്ഞിരശേരി അരവിന്ദൻ, വലംതല പ്രമാണി ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം, ഇലത്താള പ്രമാണി പ്രകാശൻ തളി എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാദ്യങ്ങൾ മേളയ്ക്ക് കൊഴുപ്പേകി. എട്ടു വയസു മുതൽ അറുപതു വയസുവരെയുള്ള പ്രവാസി കലാകാരന്മാരാണ് മേളപ്രമാണിമാർക്കൊപ്പം അരങ്ങ് തീർത്തത്.
കേരളത്തിലെ 14 ജില്ലകളിൽ നിന്നും കലാകാരന്മാർ സംഘത്തിൽ അണിനിരന്നു. പ്രവാസികളായ സ്കൂൾ വിദ്യാർഥികളും സാധാരണ തൊഴിലാളികളും ഉന്നതഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. വിദേശ ജോലിക്കിടയിൽ നാട്ടിൽ ആഘോഷിക്കേണ്ട ചുരുക്കം അവധി ദിനങ്ങളാണ് ഈ കലാകാരന്മാർ ഭാരതത്തിലുടനീളം മേളപ്പെരുമയുടെ പകിട്ടെത്തിക്കാൻ കൊട്ടിഘോഷിച്ചു തീർക്കുന്നത്. പ്രവാസജീവിതത്തിലെ ജോലിതിരക്കും ജീവിത സാഹചര്യവും നൽകുന്ന മാനസിക പിരിമുരുക്കങ്ങളിൽ നിന്നും മോചനം നേടുന്നതിനും ഇതിലൂടെ സാധിക്കുന്നു.