
ന്യൂഡല്‍ഹി: രാജ്യത്തേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളില്‍ ടിക്കറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി ടിക്കറ്റ് എടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തു നല്കി.
പ്രവാസികള്‍ക്ക് മടങ്ങാനായി കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ച് ലക്ഷം പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങാനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതും രജിസ്ട്രേഷന് ആരംഭിച്ച് ഒരാഴ്ച്ചകൊണ്ട്. ഇതില്‍ ഒരു ലക്ഷത്തോളം പേര് കോവിഡ് മൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ്.
മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരില്‍ നല്ലൊരു ശതമാനവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ഇത്തരത്തിലുള്ളവര്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസികള്‍ വഴി മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്ത് നല്‍കണം.
ഇനിയും കൂടുതല്‍ പ്രവാസികള്‍ മടങ്ങാന്‍ താത്പര്യം കാണിച്ച് മുന്നോട്ടുവരാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും കത്തില്‍ ആന്റണി മുന്നോട്ടുവച്ചു.
ജോർജ് കള്ളിവയലിൽ