തിരുവനന്തപുരം: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമൊന്നുമില്ലെന്ന് ചീഫ് സെക്രട്ടറി ടോംജോസ്. 14 ദിലസത്തെ ക്വാറന്റൈൻ ആണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് 19 ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പ്രവാസികൾ വിമാനത്തിൽ കയറുകയുളളൂ. കോവിഡ് നെഗറ്റീവ് ആയവർ മാത്രമാണ് നാട്ടിൽ തിരിച്ചെത്തുക. അവരെ ഏഴു ദിവസത്തെ ഇൻസ്റ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.
ഏഴു ദിവസമാണ് വൈറസിന്റെ ഇൻകുബേഷൻ പിരീഡ്. ഏഴു ദിവസത്തിനുള്ളിൽ രോഗലക്ഷണം ഉണ്ടായില്ലെങ്കിൽ അവരെ തുടർന്നുള്ള ഏഴു ദിവസങ്ങൾ സ്വന്തം വീടുകളിൽ ക്വാറന്റൈൻ തുടരാം. മടങ്ങിയെത്തുന്ന ഗർഭിണികളെ നേരിട്ട് ഹോം ക്വാറന്റൈനിലാണ് പ്രവേശിപ്പിക്കുക.
എല്ലാ സംസ്ഥാനങ്ങളിലും ഇൻസ്റ്റ്യൂഷൻ ക്വാറന്റൈനും ഹോം ക്വാറന്റൈനും ഉണ്ട്. കേരളത്തിലെ കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാനം മുന്നോട്ടുപോകുന്നത് കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണെന്നും ടോം ജോസ് വ്യക്തമാക്കി.