കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചു. സാജൻ ഉപയോഗിച്ചിരുന്ന ഫോണുകൾ കേന്ദ്രീകരിച്ചാണ് തെളിവുകൾ കണ്ടെത്തിയത്. സാജന്റെ പേരിലുള്ള ഒരു സിം കാർഡ് ഉപയോഗിച്ചുള്ള ഫോണിലേക്ക് കഴിഞ്ഞ മൂന്നുമാസത്തിനിടെ വന്ന 2400 കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
എന്നാൽ ഈ സിം കാർഡ് സാജനല്ല ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാത്രി 10.30 നും ഒന്നിനും ഇടയിലാണ് ഈ ഫോണിലേക്ക് വന്ന ഫോൺ കോളുകളേറെയും. ഒരേ നന്പറിൽനിന്നു തന്നെയാണ് കോളുകൾ വന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതു വിളിച്ചയാളെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങളാണ്.
പാർഥാ കൺവൻഷൻ സെന്ററിന് അനുമതി കിട്ടാതെ മാനസികമായി തളർന്ന സാജനെ മറ്റു ചില പ്രശ്നങ്ങളും അലട്ടിയിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതും ജീവനൊടുക്കാൻ കാരണമായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
ഇതുവരെ നടന്ന അന്വേഷണത്തിൽ നഗരസഭാധ്യക്ഷയ്ക്കെതിരെയോ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥർക്കെതിരെയോ കേസെടുക്കാൻ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. പി.കെ. ശ്യാമളയ്ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ ആന്തൂരിൽ പദയാത്ര തുടങ്ങുന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം.
യൂത്ത് കോൺഗ്രസും യൂത്ത് ലീഗും നടത്തിയ സമരം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബിജെപിയും സമരരംഗത്തിറങ്ങുകയാണ്. സമരം വ്യാപകമാകുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് അന്വേഷണസംഘത്തിനു ലഭിച്ച നിർദേശം. സാജന്റെ ആത്മഹത്യയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കുന്നുണ്ട്.