കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുന്നതിന്റെ തലേ ദിവസം മുതൽ ഇന്നുവരെയുള്ള ഫോൺ രേഖകൾ പരിശോധിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല അദ്ദേഹം ഇപ്പോൾ നിർവ്വഹിക്കുന്നത്. നിയമപരമായ ചുമതലകളിൽ നിന്ന് വ്യതിചലിച്ച് സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തപോലെ പെരുമാറുകയാണ് അദ്ദേഹം. അന്വേഷണത്തിന്റെ മറപിടിച്ച് അദ്ദേഹം വിളിച്ചതും അദ്ദേഹത്തെ വിളിച്ചതുമായ എല്ലാ കോൾ ഡീറ്റെയ്ൽസും ഉന്നത പോലീസ് ഓഫീസർമാർ പരിശോധിക്കണം.
കർത്തവ്യനിർവ്വഹണത്തിൽ ദുരുദ്ദേശപരമായി അന്തസില്ലായ്മ കാണിച്ച അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. സാജന്റെ കുടുംബവുമായി ഹൃദയബന്ധമുള്ള സിപിഎം നേതാവ് പി.ജയരാജനും കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നല്കാൻ മന്ത്രിക്ക് കത്ത് നല്കിയ ജയിംസ് മാത്യു എംഎൽഎയും മൗനം വെടിയണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.