തിരുവല്ല: അഗോള മലയാളി പ്രവാസി സംഗമമായ മൈഗ്രേഷന്‍ കോണ്‍ക്ലേവ് – 2024, 18 മുതല്‍ 21 വരെ തിരുവല്ലയില്‍ നടക്കും. കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് ചെയ്തവരുടെ എണ്ണം അറുപതിനായിരം കടന്നതായി സംഘാടക സമിതി രക്ഷാധികാരി ഡോ: ടി എം തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ 12009 പേര് പത്തനംതിട്ടയില്‍ നിന്നും 13007 പേര് കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും 10078 പേര് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 27 721 പേര് വിദേശ രാജ്യങ്ങളില്‍ നിന്നുമാണ്.
ഒരു ലക്ഷം പേര് ഓണ്‍ലൈനായും 3000 പേര് നേരിട്ടും കോണ്‍ക്ലേവില്‍ സംബന്ധിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫീസില്ല. നേരിട്ട് പങ്കെടുക്കുന്നവരില്‍ താമസവും ഭക്ഷണവും വേണ്ടവര്‍ 1000 രൂപ രജിസ്ട്രേഷന് ഫീസായി നല്‍കേണ്ടതുണ്ട്. അല്ലാത്തവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
സ്പോട്ട് രജിസ്ട്രേഷന് കൗണ്ടര്‍ 19 ന് രാവിലെ ഒമ്പതിന് തിരുവല്ല സെന്റ് ജോണ്‍സ് പള്ളിയില്‍ ആരംഭിക്കും. താമസ സൗകര്യം വേണ്ടവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം.
18 ന് വൈകുന്നേരം നാലിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൈഗ്രേഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമതി ചെയര്‍മാനും സാഹിത്യകാരനുമായ ബന്യാമിന് വ്യക്തമാക്കി.
തുടര്‍ന്ന് സ്റ്റീഫന്‍ ദേവസി -ശിവമണി ടീം നേതൃത്വം നല്കുന്ന മ്യൂസിക്കല്‍ ഇവന്റ് സംഘടിപ്പിക്കും.19 നാണ് ആഗോള പ്രവാസി സംഗമം.ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, ഓസ്ട്രേലിയയും ഏഷ്യന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങള്‍, വടക്കേ ആഫ്രിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വടക്കേ അമേരിക്ക എന്നിങ്ങനെ വ്യത്യസ്ഥ അന്തര്‍ ദേശീയ സമയ മേഖലകളായിട്ടാണ് സമ്മേളന ഹാളുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഹാളില്‍ പ്രവേശിച്ചിട്ടുള്ളവര്‍ക്ക് എല്‍ഇഡി വാളില്‍ ചര്‍ച്ചകള്‍ വീക്ഷിക്കാം. മറ്റുള്ളവര്‍ക്ക് മൈഗ്രേഷന്‍ കോണ്‍ക്ലേവ് വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് പരിപാടികള്‍ കാണാം. സമൂഹമാധ്യമങ്ങളിലൂടെയും സമ്മേളനം ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. അധ്യക്ഷ വേദി സമ്മേളന ഹാളുകളിലാണ് ക്രമീകരിക്കുന്നത്.
ഒരോ വേദിയിലും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല്് സമ്മേളനങ്ങളാണ് നടക്കുന്നത്. പ്രവാസികളും കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും, നൈപുണി പരിശീലനവും തൊഴില്‍ സൃഷ്ടിയും, പ്രവാസികളും സംരഭകത്വ വികസനവും, പ്രവാസി വീടുകളിലെ വയോജന സംരക്ഷണവും എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്. സമ്മേളനങ്ങള്‍ ചേരുന്നത്.
സമ്മേളനങ്ങള്‍ കേരളത്തിലെ മന്ത്രിമാരാണ് ഉദ്ഘാടനം ചെയ്യുന്നത്. വിദഗ്ധരുടെ പാനലുകള്‍ വിഷയം അവതരിപ്പിക്കും.