തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ കേരളത്തിലെത്തിക്കുന്ന നടപടികൾ രണ്ടാം ദിവസത്തിലേക്ക് കടന്നു. തിരുവനന്തപുരത്തേക്കുള്ള പ്രവാസികളുടെ ആദ്യംസംഘം നാലാം ദിവസമായ ഞായറാഴ്ച ഖത്തറിൽ നിന്നെത്തും.
ഖത്തറിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും നടത്തിവരുന്നതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിമാനത്താവളത്തിൽ നിന്നും യാത്രക്കാർ ലോഞ്ചിലേക്ക് ഇറങ്ങുമ്പോൾത്തന്നെ ഫെയ്സ് ഡിറ്റക്ഷൻ കാമറയിലൂടെ സ്ക്രീനിംഗിന് വിധേയരാക്കും.
തുടർന്ന് അവിടെ സജ്ജീകരിച്ചിട്ടുള്ള ഏഴ് ഹെൽപ് ഡെസ്കുകൾ വഴി യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ച് പരിശോധിക്കും.
യാത്രികരെയെല്ലാം നിർബന്ധമായും ക്വാറന്റൈനിൽ പാർപ്പിക്കും. ഇതിനുള്ള സംവിധാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഗർഭിണികൾ, പത്ത് വയസിനു താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ഹോം ക്വാറന്റൈൻ അനുമതി പരിഗണിക്കും.