കാട്ടിക്കുളം: പതിനഞ്ച് വർഷം വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസിക്ക് മത്സ്യവ്യാപാരം ചെയ്യാനുള്ള അനുമതി പഞ്ചായത്ത് അധികൃതർ നൽകിയില്ലെന്ന് ആരോപണം. ഇതേത്തുടർന്ന് പ്രവാസിയായ കാട്ടിക്കുളം രേഷ്ന നിവാസിൽ പി.വി. വേണു പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചു.
ഇന്നലെ രാവിലെ 11 നാണ് കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് ഓഫീസിന് മുൻപിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എല്ലാവിധ രേഖകളുമടക്കം മൂന്ന് വർഷം മുന്പാണ് മത്സ്യവ്യാപാരം നടത്താനുള്ള ലൈസൻസിനായി പ്രഞ്ചായത്തിൽ അപേക്ഷ നൽകിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് ഓഫീസ് നിരവധിതവണ കയറിയിറങ്ങിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതിനെത്തുടർന്നാണ് വേണു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആരോഗ്യ വകുപ്പ് അധികൃതർ അധികൃതർ പരിശോധിച്ച് അനുമതിയും നൽകിയതായും വേണു പറഞ്ഞു. എല്ലാ രേഖകളും ഉണ്ടായിട്ടും അനുമതി നൽകാത്തതിലുള്ള മനോവേദനയിലാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് വേണു പറഞ്ഞു. രാവിലെ 11 ഓടെയാണ് പെട്രോൾ നിറച്ച കുപ്പിയുമായി വേണു തിരുനെല്ലി പഞ്ചായത്ത് ഓഫീസിന് മുന്പിലെത്തിയത്. സ്ഥലത്തുണ്ടായിരുന്ന സിപിഐ മണ്ഡലം സെക്രട്ടറി വി.കെ. ശശിധരൻ, വി.വി. ആന്റണി തുടങ്ങിയവർ ചേർന്ന് ആത്മഹത്യയിൽ നിന്നും വേണുവിനെ പിന്തിരിപ്പിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മായാദേവിയുമായി ചർച്ച നടത്തി അവധിയിലുള്ള സെക്രട്ടറി അനിൽകുമാർ എത്തിയാൽ ഫയലുകൾ പരിശോധിച്ച് ഒരാഴ്ച്ചക്കകം തീരുമാനം എടുക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് വേണു തിരികെ പോയത്. ദുബായിൽ പതിനഞ്ച് വർഷം ജോലി ചെയ്ത വേണു പത്ത് വർഷം മുന്പാണ് നാട്ടിൽ തിരിച്ചെത്തിയത്.