തൊടുപുഴ:വിദേശരാഷ്ട്രങ്ങളിൽ നിന്നും ഇടുക്കിയിലേക്ക് മടങ്ങി വരുന്നതിനായി നോർക്ക വഴി രജിസ്റ്റർ ചെയ്തിരിക്കുന്നതു 4,220 പേർ.
ഇവർക്ക് ആവശ്യമായ എല്ലാ സജീകരണങ്ങളും ഒരുക്കി വരികയാണെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ പറഞ്ഞു.6,200-ഓളം പേർക്കായി ശുചിമുറി സൗകര്യത്തോടു കൂടിയ ഒറ്റമുറികളും കുടുംബങ്ങൾക്കായി മൂവായിരത്തോളം മുറികളും നിലവിൽ കണ്ടെത്തിയിട്ടുണ്ട്.
സൗകര്യമുള്ളവരെ അവരവരുടെ വീടുകളിലും താമസിക്കാൻ അനുവദിക്കും. അല്ലാത്തവരെയാണ് പ്രത്യേക ഇടങ്ങളിൽ താമസിപ്പിക്കുന്നത്.
അതേ സമയം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വരുന്നവർക്ക് കുമളിചെക്ക് പോസ്റ്റ് വഴി മാത്രമാകും പ്രവേശനം.
ഇതിനായി പ്രത്യേക ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്.കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സംസ്ഥാനത്ത് തുടർ യാത്രയ്ക്ക് അനുമതി നൽകുകയുള്ളൂ.
രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റും.പരിശോധനകൾക്കായി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് താത്ക്കാലിക വിശ്രമ കേന്ദ്രവും തയാറാക്കി വരികയാണ്.