തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് തിരികെ വരാനായി രജിസ്റ്റർ ചെയ്തത് മൂന്നുലക്ഷത്തിലധികം പ്രവാസികൾ.
ഇതിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വരാനായി നോർക്ക വെബ്സൈറ്റ് മുഖേന ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 56,114 പേരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി ഇതിനോടകം 3,20,463 പ്രവാസികളാണ് നാട്ടിലേക്കു മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ തൊഴിൽ, താമസ വീസയിൽ എത്തിയ 2,23,624 പേരും സന്ദർശന വീസയിലുള്ള 57,436 പേരും ആശ്രിത വീസയിലുള്ള 20,219 പേരുമുണ്ട്.
വിദ്യാർഥികൾ 7276 പേരും ട്രാൻസിറ്റ് വീസയിൽ 691 പേരും മറ്റുള്ളവർ11,327 പേരും. വാർഷികാവധി ലഭിച്ചതിനാൽ മടങ്ങിയെത്താൻ കാത്തിരിക്കുന്നത് 58,823 പേരാണ്.
സന്ദർശന വീസ കാലാവധി കഴിഞ്ഞവരായി 41,236 പേരുള്ളപ്പോൾ വീസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരുമായ 23,975പേരാണ് മടക്കയാത്ര കാത്തിരിക്കുന്നത്.
ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ 9,561 പേരാണ്. മുതിർന്ന പൗരൻമാർ- 10,007, ഗർഭിണികൾ- 9,515, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ -2448, ജയിൽ മോചിതൽ- 748, മറ്റുള്ളവർ 1,08,520 എന്നിങ്ങനെയാണ് മടക്ക യാത്രയ്ക്കുള്ള മറ്റാളുകൾ.
ഏറ്റവുമധികം ആളുകൾ തിരികെ എത്താൻ താത്പര്യം കാട്ടിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്- 54,280 പേർ. തിരുവനന്തപുരം- 23014, കൊല്ലം-22575, പത്തനംതിട്ട -12677, കോട്ടയം-12220, ആലപ്പുഴ -15648, എറണാകുളം – 18489, ഇടുക്കി -3459, തൃശൂർ- 40434, പാലക്കാട്-21164, കോഴിക്കോട്-40431, വയനാട്-4478, കണ്ണൂർ -36228, കാസർഗോഡ്-15658 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലേയ്ക്ക് തിരികെയെത്താൻ രജിസ്റ്റർ ചെയ്തിരിക്കുന്ന പ്രവാസികൾ.