കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്തിലിറങ്ങിയയാള് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മരിച്ച അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് കണ്ടെത്തി.
ഇയാള്‍ ഒളിവിലാണ്. യഹിയ ആണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസിന്റെ നിഗമനം.
സംഭവവുമായി ബന്ധമുള്ള മൂന്ന് പേര് പോലിസന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീൽ ആ മാസം15നു രാവിലെ 9.45നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.
സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ ജലീൽ അറിയിച്ചിരുന്നു.
ഇതുപ്രകാരം ഭാര്യയും അമ്മയും ഉൾപ്പടെയുള്ളവർ പെരിന്തയിൽമണ്ണയിലെത്തി കാത്തുനിന്നെങ്കിലും എത്താൻ വൈകുമെന്നും വീട്ടിലേക്കു മടങ്ങിപ്പോകാനും ജലീൽ വീട്ടുകാരെ അറിയിച്ചു.
എന്നാൽ ജലീൽ വീട്ടിലെത്താത്തതിനെ തുടർന്ന് അഗളി പോലീസിൽ വിവരം അറിയിച്ചു. 16നു രാത്രിയാണ് ഇയാൾ ഭാര്യയുമായി അവസാനം സംസാരിച്ചത്.
പിറ്റേന്നു രാവിലെ വിളിക്കാമെന്നും കേസ് കൊടുത്തിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്നും ജലീൽ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
പിന്നീട് വ്യാഴാഴ്ച രാവിലെ അജ്ഞാതൻ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിയപ്പോഴാണു ജലീലിനെ കുടുംബം കാണുന്നത്. ശരീരമാസകലം മർദനമേറ്റ പരിക്കുണ്ടായിരുന്നു.
വെന്റിലേറ്ററിലായിരുന്ന ജലീൽ രാത്രി 12.15 ഓടെ മരിച്ചു. ആശുപത്രി അധികൃതരാണു പോലീസിൽ വിവരം അറിയിച്ചത്.